'സിദ്ധാര്‍ത്ഥന്റേത് കൊലപാതകം തന്നെ'; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വി എം സുധീരന്‍

'സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്'
'സിദ്ധാര്‍ത്ഥന്റേത് കൊലപാതകം തന്നെ'; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി വി എം സുധീരന്‍. സിദ്ധാര്‍ത്ഥന്റേത് കൊലപാതകം തന്നെയാണെന്ന് സുധീന്‍ ആരോപിച്ചു. സംഭവത്തില്‍ ഡീനിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിദ്ധാര്‍ത്ഥന്‍ മരിച്ച് നാലാം ദിവസം ഡീന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്. ഫെബ്രുവരി 22ന് കോളേജില്‍ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നുണ്ട്.

സിദ്ധാര്‍ത്ഥനെതിരായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശനും പ്രതികരിച്ചു. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം ഇതിന്റെ തെളിവാണ്. വിവരങ്ങള്‍ മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്നും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് മുന്നോട്ട് പോകണമെന്നും ജയപ്രകാശന്‍ ആവശ്യപ്പെട്ടു.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ഫൊറന്‍സിക് പരിശോധന ഫലം നിര്‍ണായകമാണ്. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച തുണി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികള്‍ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയര്‍, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 12-ാം തീയതി സിദ്ധാര്‍ത്ഥന്‍ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയര്‍ന്നു. വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാര്‍ത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞാണ് ഫോണില്‍ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീര്‍പ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എങ്ങും പോകാന്‍ അനുവദിച്ചില്ല.

16-ാം തീയതി സിദ്ധാര്‍ത്ഥനെ തടങ്കലില്‍ പാര്‍പ്പിച്ചു. രാത്രിയോടെ ക്രൂരമായി മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചു. 16-ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മര്‍ദ്ദനം 17-ാം തീയതി പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. പൊതു മധ്യത്തില്‍ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ത്ഥനെ പ്രതികള്‍ എത്തിച്ചു. 18-ാം തീയതി ഉച്ചയോടെ സിദ്ധാര്‍ത്ഥന്‍ തൂങ്ങിമരിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com