സിദ്ധാര്‍ത്ഥന്റെ മരണം: ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ ശ്രമിച്ചു, തെളിവുകള്‍ റിപ്പോര്‍ട്ടറിന്

സിദ്ധാര്‍ത്ഥന്‍ മരിച്ച് നാലാം ദിവസം ഡീന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു
സിദ്ധാര്‍ത്ഥന്റെ മരണം: ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ ശ്രമിച്ചു, തെളിവുകള്‍ റിപ്പോര്‍ട്ടറിന്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ എം കെ നാരായണന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിദ്ധാര്‍ത്ഥന്‍ മരിച്ച് നാലാം ദിവസം ഡീന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു.

ഫെബ്രുവരി 22ന് കോളേജില്‍ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നുണ്ട്.

പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്; 'വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവന്‍ രക്ഷിക്കാനാണ് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാര്‍ഗം ഇല്ല. പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്.

സംഭവത്തിന് പിന്നാലെ 22 ബാച്ചില്‍ ഉള്ളവര്‍ക്ക് വലിയ പ്രശ്‌നം ഉണ്ടായി. അതുകൊണ്ടാണ് അനുശോചന സമ്മേളനം വൈകിയത്. സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയര്‍ ചെയ്യരുത്', ഡീന്‍ എം കെ നാരായണന്‍ അനുശോചന സമ്മേളനത്തില്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടും തെളിവെടുപ്പിലെ നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണം. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പ്രതികരിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണം: ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ ശ്രമിച്ചു, തെളിവുകള്‍ റിപ്പോര്‍ട്ടറിന്
പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണം, ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സിദ്ധാർത്ഥന്റെ കുടുംബം

Related Stories

No stories found.
logo
Reporter Live
www.reporterlive.com