'കെട്ടിത്തൂക്കി കൊന്നില്ലേ', മുദ്രാവാക്യവുമായി MSF; പ്രതിഷേധത്തിൽ സംഘ‍‌ർഷം, ജലപീരങ്കി പ്രയോഗിച്ചു

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തുട‍ർ‌ന്ന് ഉന്തും തള്ളുമുണ്ടായി
'കെട്ടിത്തൂക്കി കൊന്നില്ലേ', മുദ്രാവാക്യവുമായി MSF; പ്രതിഷേധത്തിൽ സംഘ‍‌ർഷം, ജലപീരങ്കി പ്രയോഗിച്ചു

കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസിന് നേരെ പ്രവർത്തകർ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തുട‍ർ‌ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവർ‌ത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചു. കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായാണ് പ്രവർ‌ത്തകർ മാർച്ച് ചെയ്തെത്തിയത്.

സിദ്ധാ‍ർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

'കെട്ടിത്തൂക്കി കൊന്നില്ലേ', മുദ്രാവാക്യവുമായി MSF; പ്രതിഷേധത്തിൽ സംഘ‍‌ർഷം, ജലപീരങ്കി പ്രയോഗിച്ചു
ഡീനിനെതിരെ ആംബുലൻസ് ഡ്രൈവർ; ഉടനെ ബന്ധുക്കളെ അറിയിച്ചുവെന്ന വാദം പൊളിയുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com