സിദ്ധാർത്ഥന്‍റെ മരണം: കേരള പൊലീസിൽ വിശ്വാസമില്ല, കേസ് ഇല്ലാതാക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണം: കേരള പൊലീസിൽ വിശ്വാസമില്ല, കേസ് ഇല്ലാതാക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിൽ വിശ്വാസമില്ല. സത്യസന്ധമായ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ല. പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിദ്ധാർത്ഥനിലായിരുന്നു അവൻ്റെ കുടുംബത്തിൻ്റെ പ്രതീക്ഷ. എസ്എഫ്ഐ ഗുണ്ടകൾ ആ പ്രതീക്ഷ ഇല്ലാതാക്കി. ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഒരു അനുശോചനം പോലും മുഖ്യമന്ത്രി നടത്തിയില്ല. എസ്എഫ്ഐയെ മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തകർ ആക്കിയിരിക്കുകയാണ്. മുൻ കൽപ്പറ്റ എംഎൽഎ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതികളെ മോചിപ്പിക്കാൻ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ പോയി ബഹളമുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടും തെളിവെടുപ്പിലെ നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണം. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞിരുന്നു.

സിദ്ധാ‍ർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12-ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നിരുന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

16-ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16-ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17-ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. 18-ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സിദ്ധാർത്ഥന്‍റെ മരണം: കേരള പൊലീസിൽ വിശ്വാസമില്ല, കേസ് ഇല്ലാതാക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല
ക്രൂരമര്‍ദ്ദനം വിവരിച്ച് പ്രതികള്‍; മര്‍ദ്ദനം നടന്ന കുന്നിന്‍മുകളില്‍ എത്തിച്ച് തെളിവെടുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com