'കോൺഗ്രസിന് വോട്ട് കൊടുത്താൽ ബിജെപിക്ക് ലഭിക്കുന്ന അവസ്ഥ'; ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ജയരാജൻ

അനുദിനം കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കാണ് കാണുന്നതെന്ന് എം വി ജയരാജൻ
'കോൺഗ്രസിന് വോട്ട് കൊടുത്താൽ ബിജെപിക്ക് ലഭിക്കുന്ന അവസ്ഥ'; ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ജയരാജൻ

കണ്ണൂർ: കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. കൂറുമാറ്റത്തിന്റെ തെളിവാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക. കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിന് വോട്ട് കൊടുത്താൽ ബിജെപിക്ക് ലഭിക്കുന്ന അവസ്ഥയാണെന്നും ജയരാജൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ അശ്വമേധം പരിപാടിയിലായിരുന്നു ജയരാജൻ്റെ പ്രതികരണം.

'അനുദിനം കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കാണ് കാണുന്നത്. ​ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാലത്തുണ്ടായ രാഷ്ട്രീയ മൂല്യങ്ങൾ..... മത നിരപേക്ഷത സംരക്ഷിക്കുക, മത സൗഹാർദം കണ്ണിലെ കൃഷ്ണ മണിപോലെ സംരക്ഷിക്കുക എന്നതിനപ്പുറം രാഷ്ട്രീയത്തിൽ ചില എത്തിക്സ് ഉണ്ട്. വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തെ വഞ്ചിക്കാൻ പാടില്ല'- ജയരാജൻ പറഞ്ഞു. 'ഈ മാസം 36 നേതാക്കന്മാരാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ പോയത്. അതിൽ കോൺ​ഗ്രസിന്റെ ദേശീയ നേതാവിന്റെ മകൻ തന്നെ ബിജെപിയിലേക്ക് പോയത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്'- എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചു.

ദേശീയ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് നിർവ്വഹിക്കേണ്ട മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേരുന്നതിന് കാരണം ഈ ഒഴുക്കാണ്. നിലവിലുള്ള എംഎൽഎമാരും എംപിമാരും കോൺ​ഗ്രസ് നേതാക്കന്മാരുമാണ് പോകുന്നത്. ജാർഖണ്ഡിൽ ഏക കോൺ​ഗ്രസ് എംപിയായിരുന്ന ഗീതകോട മറുകണ്ടം ചാടി. ഇത് കോൺ​ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടിന്റെ ഫലമായുണ്ടാകുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നതുകൊണ്ടാണ് കോൺ​ഗ്രസിനെ തീവ്ര ഹിന്ദുത്വ ശക്തിപ്പെടുത്തുന്ന പാർട്ടിയായി മാറ്റിയതെന്നും ജയരാജൻ പറഞ്ഞു. പള്ളിപൊളിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്ന നിലപാട് ബിജെപിയോടൊപ്പം കോൺ​ഗ്രസ് സ്വീകരിക്കുമെങ്കിൽ പിന്നെ കോൺ​ഗ്രസിൽ നിന്ന് പോയിക്കൂടെ എന്ന് കമൽനാഥ് ചിന്തിക്കുന്നതിലെന്താണ് തെറ്റ് എന്നും ജയരാജൻ ചോദിച്ചു.

ഡോ. അരുൺകുമാറിന് നൽകിയ അഭിമുഖത്തിൽ 'ഞാൻ വേണമെങ്കിൽ ബിജെപിയിൽ പോകും, ബിജെപിയിൽ പോകാൻ വേണ്ടിയല്ല പറഞ്ഞത്, എന്റെ സ്വാതന്ത്ര്യമാണ് ഏത് പാർട്ടിയിൽ പോകണമെന്നുള്ളത്' എന്നൊക്കെയുള്ള കെ സുധാകരന്റെ വാക്കുകൾക്കെതിരെയും 'കണ്ണൂരിൽ കെ സുധാകരനാണ് മത്സരിക്കുന്നതെങ്കിൽ മത്സരം ശക്തമാകുമോ' എന്ന ചോദ്യത്തോടും ജയരാജൻ പ്രതികരിച്ചു. മത്സരങ്ങൾ രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ളതാണ്. തീർച്ചയായും ആ നയങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാർത്ഥിക്ക് ഒരു സ്ഥാനമുണ്ട്, നിഷേധിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

'ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണഘടന സംരക്ഷിക്കുന്നവർ ഒരു പക്ഷത്തും തകർക്കാൻ വേണ്ടി ശ്രമിക്കുന്നവർ മറുപക്ഷത്തുമാണ്. ആ പക്ഷത്ത് കോൺ​ഗ്രസിനെ ബിജെപിയുടെ കൂട്ടാളിയായി കാണാൻ കഴിയും. അതാണ് കെ സുധാകരന്റെ പ്രതികരണം. അത് ഒറ്റപ്പെട്ട പ്രതികരണമല്ല. അതുമാത്രമായിരുന്നുവെങ്കിൽ പറയാം, ഏതുരാഷ്ട്രീയത്തിൽ ചേരണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്, ഏത് മതത്തിൽ ചേരണമെന്ന് ഭരണഘടന ഒരു വ്യക്തിക്ക് സ്വാതന്ത്യം നൽകുന്നതുപോലുള്ള സ്വാതന്ത്ര്യമാണെന്ന് പറയാം . പക്ഷേ അദ്ദേഹം ആർഎസ്എസിന്റെ ക്യാമ്പ് നടത്താൻ സഹായിച്ചുവെന്ന് പറഞ്ഞു. ശാഖയ്ക്ക് കാവൽ നിന്നു. ഏറ്റവും ​ഗൗരവമായ വിലയിരുത്തൽ നടത്തിയത്, പ്രതിഷേധം എന്ന് പറയാവുന്നത്, ജവഹർലാൽ നഹ്റു ആർഎസ്എസുമായി സന്ധിചെയ്തു എന്നുള്ളതാണ്. ഈ നിലപാടിനെ കണ്ണൂരിൽ ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന, നെഹ്റുവിന്റെ ചിന്തകളോടൊപ്പം ഉറച്ച് നിൽ‌ക്കുന്ന, ഒരുപാട് ​ കോൺ​ഗ്രസുകാര്‍ എതിർക്കുന്നുണ്ട്. ആ എതിർപ്പ് സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൽ സ്ഥാനാർത്ഥിയ്ക്ക് എതിരായിട്ടുള്ള വികാരമായി മാറും.'- ജയരാജൻ പറഞ്ഞു.

മതനിരപേക്ഷ പക്ഷത്തുള്ള ജനങ്ങളെ ഒന്നിപ്പിക്കുക എന്ന രാഷ്ട്രീയമാണ് അതിലൂടെ ഇടതുപക്ഷം കാണിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ കോൺ​ഗ്രസിന് വോട്ട് ചെയ്താൽ ബിജെപിയ്ക്ക് ​ഗുണം ചെയ്യുന്നതും കോൺ​ഗ്രസിന്റെ ഒരാൾ ജയിച്ചാൽ നാളെ ബിജെപിയിലേക്ക് എത്തുന്നതുമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും ജയരാജൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com