'സിദ്ധാർത്ഥൻ്റെ കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു'; ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

വീഴ്ച മറച്ചുവെക്കാനാണ് ഡീൻ അടക്കമുള്ളവർ ശ്രമിക്കുന്നത്. വാർഡനായ ഡീനിന് ഉത്തരവാദിത്തമില്ലേ എന്ന് കുടുംബം ചോദിച്ചു
'സിദ്ധാർത്ഥൻ്റെ കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു'; ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

തിരുവനന്തപുരം: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം. വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല. ഡീനിനെ വിളിച്ചപ്പോൾ ഒന്നും അറിയില്ലന്നും പൊലീസിനോട് ചോദിക്കാനും പറഞ്ഞു. വീഴ്ച മറച്ചുവെക്കാനാണ് ഡീൻ അടക്കമുള്ളവർ ശ്രമിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ഡീൻ കൂട്ടുനിന്നു. വാർഡനായ ഡീനിന് ഉത്തരവാദിത്തമില്ലേ എന്നും കുടുംബം ചോദിച്ചു.

ഡീൻ വീട്ടിൽ വന്നത് പൊലീസ് സുരക്ഷയോടെയാണ്. ഒരാഴ്ച ഡീൻ ഒരു വിവരവും അറിയിച്ചില്ല. ഡീനിനെ മറ്റാരോ സംരക്ഷിക്കുകയാണ്. രണ്ട് മണിക്കൂർകൊണ്ട് നടന്ന സംഭവമല്ല. സിദ്ധാർത്ഥൻ്റെ കരച്ചിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു. മൂന്ന് ദിവസം പീഡിപ്പിച്ചിട്ടും ഡീൻ അറിഞ്ഞില്ലേ എന്ന് ചോദിച്ച കുടുംബം വിസിക്കെതിരെയും രംഗത്തെത്തി. സിദ്ധാർത്ഥന്റെ പോസ്റ്റ് മോർട്ടം നടക്കുമ്പോൾ വിസി അഭിമുഖം നടത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

'സിദ്ധാർത്ഥൻ്റെ കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു'; ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം
ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ല, സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചു: ന്യായീകരിച്ച് ഡീൻ നാരായണന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com