'അസ്ഥികൂടം മകന്റേതെന്ന് പറയാനാകില്ല, ഡിഎൻഎ ഫലം വന്നാലേ സ്ഥിരികരിക്കാനാകൂ'; അവിനാശിന്റെ അച്ഛൻ

2017-ന് ശേഷം മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവിനാശ് ആനന്ദിന്റെ അച്ഛൻ
'അസ്ഥികൂടം മകന്റേതെന്ന് പറയാനാകില്ല, ഡിഎൻഎ ഫലം വന്നാലേ സ്ഥിരികരിക്കാനാകൂ'; അവിനാശിന്റെ അച്ഛൻ

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ‌ ടാങ്കിൽ നിന്ന് ലഭിച്ച അസ്ഥികൂടം മകന്റേത് തന്നെ ആണോയെന്ന് പറയാൻ കഴിയില്ലെന്ന് സമീപത്ത് നിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയുടെ അച്ഛൻ. 2017-ന് ശേഷം മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവിനാശ് ആനന്ദിന്റെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞു. അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് ലൈസൻസും പഴ്സും ടൈയുമാണ് ലഭിച്ചത്. ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. കഴക്കൂട്ടം പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.

കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ കാടിന് നടുക്കുള്ള വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ലൈസൻസിൽ ജന്മവർഷമായി 1985ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ മിസ്സിംഗ് കേസുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തൂങ്ങി മരണമാണെന്നാണ് പൊലീസ് പറഞ്ഞത്. അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുകയായിരുന്നു. തൂങ്ങിമരിച്ച ശേഷം ശരീരം അഴുകി അസ്ഥികൂടം നിലത്ത് വീണതാകാം എന്നാണ് പൊലീസ് നിഗമനം.

20 വര്‍ഷമായി ഉപയോഗിക്കാതിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം അസ്ഥികൂടം പരിശോധിച്ചിരുന്നു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com