ട്രഷറിക്ക് ആശ്വാസം; നികുതി-ഐജിഎസ്ടി വിഹിതമായി കേരളത്തിന് 4000 കോടി രൂപ കേന്ദ്രം നൽകി

കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന കേരളത്തിൻ്റെ വാദം സുപ്രീം കോടതി വിശദമായി കേൾക്കാനിരിക്കെയാണ് കേന്ദ്രം നികുതി വിഹിതമുൾപ്പെടെ കേരളത്തിന് കൈമാറിയിരിക്കുന്നത്.
ട്രഷറിക്ക് ആശ്വാസം; നികുതി-ഐജിഎസ്ടി വിഹിതമായി കേരളത്തിന് 4000 കോടി രൂപ കേന്ദ്രം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4,000 കോടി രൂപ ലഭിച്ചതാണ് ആശ്വാസമായിരിക്കുന്നത്. ശമ്പളവും പെൻഷനും വിതരണം ചെയ്യുന്ന സമയത്ത് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടാനുള്ള വിഹിതം ലഭിച്ചത് സാമ്പത്തിക പ്രിസന്ധിയിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിന് ആശ്വാസമായി. നികുതി വിഹിതമായ 2,736 കോടിയും ഐജിഎസ്ടി വിഹിതവും അടക്കമാണ് 4 ,000 കോടി രൂപ ലഭിച്ചത്. പണം എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറി.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. കടമെടുപ്പ് പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണം. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. ഇതിന് കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണം. ഇല്ലെങ്കില്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കേരളവും കേന്ദ്രവും തമ്മിൽ സംസാരിച്ച് വിഷയത്തിൽ പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ചർച്ചയിൽ ഇരുകൂട്ടർക്കും സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാതെ കേരളത്തിൻ്റെ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് പിന്നീട് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യവാരം സുപ്രീം കോടതി കേരളത്തിൻ്റെ വാദം വിശദമായി കേൾക്കാനിരിക്കെയാണ് കേന്ദ്രം നികുതി വിഹിതമുൾപ്പെടെ കേരളത്തിന് കൈമാറിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com