'സിദ്ധാര്‍ത്ഥ് എസ്എഫ്ഐയില്‍ ഇല്ലായിരുന്നു, അവന് ഒരു പാര്‍ട്ടിയുമില്ല'; സിദ്ധാര്‍ത്ഥിന്റെ അമ്മ

'സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐയില്‍ ഉണ്ടായിരുന്നില്ല, അവന് ഒരു പാര്‍ട്ടിയുമില്ല'
'സിദ്ധാര്‍ത്ഥ് എസ്എഫ്ഐയില്‍ ഇല്ലായിരുന്നു, അവന് ഒരു പാര്‍ട്ടിയുമില്ല'; സിദ്ധാര്‍ത്ഥിന്റെ അമ്മ

തിരുവനന്തപുരം: മകന്റെ മരണത്തിന് പിന്നിലുള്ളവരെയെല്ലാം പുറത്തുകൊണ്ടുവരണമെന്ന് സിദ്ധാര്‍ത്ഥിന്റെ അമ്മ ഷീബ. തങ്ങള്‍ക്ക് നീതി ലഭിക്കണം. അവസാന ദിവസങ്ങളില്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ മകന്‍ വളരെ വെപ്രാളത്തിലായിരുന്നുവെന്നും ഷീബ പറഞ്ഞു. ഡിബേറ്റ് വിത്ത് എം വി നികേഷ് കുമാറിലായിരുന്നു പ്രതികരണം.

ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥുമായി അവസാനം സംസാരിച്ചതെന്നും ഷീബ പറഞ്ഞു. 'വളരെ കുറച്ച് സമയം മാത്രമായിരുന്നു സംസാരിച്ചത്. അവസാനം ഫോണ്‍ ചെയ്യുമ്പോഴെല്ലാം വെപ്രാളത്തിലാണ് മറുപടി പറഞ്ഞിരുന്നത്. ഫോണ്‍ വെക്കട്ടെ, പിന്നെ വിളിക്കാം ഇത്രയും പറഞ്ഞ് അങ്ങ് വെക്കും. അങ്ങനെയാണ് സിദ്ധാര്‍ത്ഥിനൊപ്പമുള്ള അക്ഷയ്‌യെ വിളിച്ചത്. അപ്പോള്‍ തന്നെ മോന്‍ തിരിച്ചുവിളിച്ചു. അവസാനത്തെ രണ്ട് ദിവസങ്ങളിലും അക്ഷയ് ഉണ്ടായിരുന്നു അവന്റെയടുത്ത്.

14ന് എന്താണ് നടന്നതെന്ന് അറിയില്ല. 15ന് ഉച്ചയ്ക്ക് വിളിച്ചിട്ട് മൂന്ന് ദിവസം ലീവുണ്ട് വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. അമ്പലത്തിലെ ഉത്സവമായിരുന്നു. എന്നാല്‍ എറണാകുളം വരെയെത്തി തിരിച്ചുപോയി. വീട്ടിലെത്താന്‍ സമയമായപ്പോഴാണ് ഞാന്‍ വിളിച്ചത്. അപ്പോള്‍ വെപ്രാളത്തോടെ താന്‍ തിരികെ പോവുകയാണ്, പെട്ടെന്ന് പോവുകയാണെന്നാണ് പറഞ്ഞത്. റൂമില്‍ പോയിട്ട് വിളിക്കാമെന്ന് പറഞ്ഞ് പെട്ടെന്ന് ഫോണ്‍ വെച്ചു. പിന്നെ 18ന് ഉച്ചവരെ വിളിക്കുമ്പോഴും വെപ്രാളത്തിലായിരുന്നു സംസാരം. ഒന്നും സംസാരിക്കാതെ പെട്ടെന്ന് ഫോണ്‍ വെക്കുകയും ചെയ്യും. 18ന് വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. ഒന്നുമില്ലെന്നായിരുന്നു മറുപടി. ഒരു മണിയാകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകുമെന്നും പറഞ്ഞു. ഇത്രയുമാണ് അവസാനം പറഞ്ഞത്.

റഹാന്‍ വിളിച്ചെന്ന് പറഞ്ഞ് എറണാകുളത്തെത്തി തിരിച്ചുപോയ സമയത്ത് ഭയങ്കര വെപ്രാളമായിരുന്നു. ഞാന്‍ കരുതിയത് വീട്ടില്‍ വരാന്‍ കഴിയാതെ തിരികെ പോകേണ്ടി വന്നതിന്റെ ടെന്‍ഷന്‍ ആകുമെന്നാണ്. ഇപ്പോഴാണ് എല്ലാം മനസിലാകുന്നത്. സിദ്ധാര്‍ത്ഥിന് മര്‍ദ്ദനമേറ്റെന്ന് കൂടെയുള്ള സുഹൃത്തുക്കളാരും ഒരു സൂചന പോലും തന്നിട്ടില്ല. അവന്റെ കൂടെ കിടക്കുന്നവര്‍, അവന്റെ കൂടെ ഈ വീട്ടില്‍ വന്നവര്‍ അവരാര്‍ക്കെങ്കിലും എന്തെങ്കിലും പറയാമായിരുന്നു. അക്ഷയ്‍യെ ഞാന്‍ രണ്ട് തവണ വിളിച്ചു, ഇവിടെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, എന്തെങ്കിലും പറഞ്ഞുകൂടായിരുന്നോയെന്ന്. എന്റെ മുഖത്ത് പോലും അവന്‍ നോക്കിയില്ല. അവിടെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഞങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അവന്‍ ജീവനോടെയുണ്ടാകുമായിരുന്നു.

ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴെങ്കിലും സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കള്‍ക്ക് എല്ലാം പറയാമായിരുന്നു. കുറച്ചുപേരല്ല, ഇതിന് പിന്നില്‍ കുറേയാളുകളുണ്ട്. കണ്ടുനിന്നവര്‍ക്കെങ്കിലും ഒരു വാക്ക് പറയാമായിരുന്നു. 16, 17, 18 മൂന്ന് ദിവസങ്ങളില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐയില്‍ ഉണ്ടായിരുന്നില്ല, അവന് ഒരു പാര്‍ട്ടിയുമില്ല. കോളേജില്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുമായിരുന്നു. അറുന്നൂറോ എഴുന്നൂറോ കുട്ടികള്‍ പഠിക്കുന്ന ക്യാമ്പസാണ്. ഓരോ അധ്യാപകര്‍ക്കും കുട്ടികളെ നന്നായി അറിയാമായിരിക്കും. ഒന്നുകില്‍ കാര്യങ്ങള്‍ അറിയാമായിരുന്നിട്ട് വെറുതെ ഇരുന്നു. അല്ലെങ്കില്‍ വെറുതെയിരിക്കാന്‍ അവരോട് ആരോ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ എന്തൊക്കെയോ നടന്നിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണ വിവരം ഒരു പിജി വിദ്യാര്‍ത്ഥിയാണ് വീട്ടിലേക്ക് വിളിച്ച് പറയുന്നത്', ഷീബ പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങിയിട്ടുണ്ട്. മലപ്പുറം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ വൈകീട്ടോടെയാണ് ഇയാള്‍ ഹാജരായത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.

സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയന്‍ ചെയര്‍മാനും അടക്കമുള്ളവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആകെ 18 പ്രതികള്‍ കേസിലുണ്ട്. ഇനി ഏഴ് പേരാണ് പിടിയിലാകാനുള്ളത്. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com