'പെൺകുട്ടിയോട് മോശമായി പെരുമാറി'; സിദ്ധാർത്ഥിനെതിരെ പരാതി, ലഭിച്ചത് മരണശേഷം

കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ട്.
'പെൺകുട്ടിയോട് മോശമായി പെരുമാറി'; സിദ്ധാർത്ഥിനെതിരെ പരാതി, ലഭിച്ചത് മരണശേഷം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. സിദ്ധാർത്ഥിനെതിരെ മരണശേഷം കോളേജിന് പരാതി ലഭിച്ചു. ഫെബ്രുവരി 18നാണ് കോളേജിന് പരാതി ലഭിച്ചത്. സിദ്ധാർത്ഥ് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഫെബ്രുവരി 14ന് കോളേജിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ട്.

അതേസമയം, സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ സിപിഐഎം പ്രാദേശിക നേതൃത്വം ഫ്‌ളക്‌സ് ബോര്‍ഡ് വച്ചു. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളക്‌സ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്‌ളക്‌സിലുണ്ട്. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. 'സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം', എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. എസ്എഫ്‌ഐ ഫ്‌ളക്‌സിനെതിരെ സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്. മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പ്രതികരണം.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വെറ്ററിനറി സയൻസ് ബിരുദ വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സിദ്ധാര്‍ഥ് ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയർന്നു. എസ്എഫ്ഐ പ്രവർത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനും അടക്കമുള്ളവർ പൊലീസിൽ കീഴടങ്ങി. ആറ് പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. പിടിയിലായ എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഒമ്പത് പ്രതികളാണ് പിടിയിലായത്. ആകെ 18 പ്രതികൾ കേസിലുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com