'മൃഗീയമായി തല്ലി', ഒളിവിലുള്ള പ്രതികള്‍ വാട്‌സ് ആപ്പില്‍ സജീവം; സിദ്ധാര്‍ത്ഥിന് നീതി തേടി കുടുംബം

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രതികളെ സംരക്ഷിക്കുന്നത് സിപിഐഎമ്മെന്ന് ആരോപിച്ച് കുടുംബം.
'മൃഗീയമായി തല്ലി', ഒളിവിലുള്ള പ്രതികള്‍ വാട്‌സ് ആപ്പില്‍ സജീവം; സിദ്ധാര്‍ത്ഥിന് നീതി തേടി കുടുംബം

വയനാട്: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രതികളെ സംരക്ഷിക്കുന്നത് സിപിഐഎമ്മെന്ന് ആരോപിച്ച് കുടുംബം. ഇന്നലെ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്നും കുടുംബം. നീതി തേടി മാതാപിതാക്കള്‍ സമരത്തിന് ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നാണ് കുടുംബം പറയുന്നത്. ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്നും കുടുംബം ആരോപിക്കുന്നു.

ഇതിനിടെ മരിച്ച സിദ്ധാര്‍ത്ഥിന്റെ അമ്മാവനും കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നു. വളരെ മൃഗീയമായാണ് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മര്‍ദ്ദിച്ചവരുടെ പേരുകളും ഇതില്‍ പറയുന്നു. എസ്എഫ്‌ഐ പൂക്കോട് വെറ്റിനറി യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, എക്‌സിക്യൂട്ടീവ് അംഗമായ അക്ഷയ് എന്നിവരുടെ പേരുകൾ സംഭാഷണത്തിലുണ്ട്.

ഹോസ്റ്റലില്‍ വെച്ച് എല്ലാവരും കാണ്‍കെ മൃഗീയമായി പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാര്‍ത്ഥിനെ തല്ലിയതെന്നും വരുന്നവനും പോകുന്നവനുമൊക്കെ ബെല്‍റ്റുകൊണ്ടും വയറു കൊണ്ടമെല്ലാം തല്ലിയെന്നുമാണ് ശബ്ദരേഖയില്‍ വിദ്യാര്‍ത്ഥി പറയുന്നത്. തല്ലിയ ആളുകളുടെ പേര് അറിയാമെന്നും ശബ്ദരേഖയിൽ പറയുന്നു. കാശിനാഥന്‍ 19 ബാച്ച്, സിഞ്ചോ 20 ബാച്ച്, അരുണ്‍ കേളോത്ത് 19 ബാച്ച്, ആസിഫ് ഖാൻ 20 ബാച്ച്, മല്‍ ഇഹ്സാന്‍ 20 ബാച്ച്, അഖില്‍ പി എച്ച് ഡി ചെയ്യുന്നു എന്നാണ് ശബ്ദ രേഖയിലുള്ളത്.

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. കേസിൽ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേർന്ന് മർദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

'മൃഗീയമായി തല്ലി', ഒളിവിലുള്ള പ്രതികള്‍ വാട്‌സ് ആപ്പില്‍ സജീവം; സിദ്ധാര്‍ത്ഥിന് നീതി തേടി കുടുംബം
'പെന്‍ഷനില്ലാതെ പലരും മരിച്ചു, 10 പൈസ കയ്യിലെടുക്കാനില്ല, തിരഞ്ഞെടുപ്പില്‍ വിഷയമാകും'

Related Stories

No stories found.
logo
Reporter Live
www.reporterlive.com