വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: ഇടപെട്ട് ഗവര്‍ണര്‍, വീട് സന്ദര്‍ശിച്ചേക്കും

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് മേധാവി ഗവർണറെ അറിയിച്ചു
വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: ഇടപെട്ട് ഗവര്‍ണര്‍, വീട് സന്ദര്‍ശിച്ചേക്കും

കൽപ്പറ്റ: വയനാട് പുക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാർത്ഥിൻെറ കുടുംബം തിങ്കളാഴ്ച ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു. തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഗവർണർ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് മേധാവി ഗവർണറെ അറിയിച്ചു. അതേസമയം ഗവർണർ സിദ്ധാർത്ഥിൻെറ വീട് സന്ദർശിച്ചേക്കും.

സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പിടികൂടി. പാലക്കാട്‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതികളെ ഹോസ്റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവെടുപ്പുമാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു.

വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: ഇടപെട്ട് ഗവര്‍ണര്‍, വീട് സന്ദര്‍ശിച്ചേക്കും
വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണം: പ്രധാനപ്രതി അഖിൽ പിടിയിൽ

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കൽപ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിത്തൂക്കിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ നീതി തേടി മാതാപിതാക്കള്‍ സമരത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. 12 പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നായിരുന്നു കുടുംബത്തിൻ്റെ നിലപാട്. ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്നും കുടുംബം ആരോപിച്ചിരുന്നു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com