'ആരോപണങ്ങളെല്ലാം വസ്തുത ; അത് താങ്കൾക്കുമറിയാം'; സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീൽ

മറ്റു പലർക്കെതിരെയും ലോകായുക്തയിൽ ഹർജികൾ വന്നപ്പോൾ അവർക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേൾക്കാൻ വിശാലമനസ്കത കാണിച്ച ലോകായുക്ത ജസ്റ്റിസ് തനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ജലീൽ ചോദിക്കുന്നു
'ആരോപണങ്ങളെല്ലാം വസ്തുത ; അത് താങ്കൾക്കുമറിയാം'; സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് തുറന്ന കത്തുമായി കെ ടി ജലീൽ എംഎൽഎ. യുഡിഎഫിൻ്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി തനിക്കൊരു നോട്ടീസ് അയക്കുകയോ തന്നെ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയ വിധി പറഞ്ഞ സിറിയക് ജോസഫ് മരിക്കുന്നതിന് മുമ്പെങ്കിലും കുപ്രസിദ്ധമായ ആ വിധിയുടെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. മറ്റു പലർക്കെതിരെയും ലോകായുക്തയിൽ ഹർജികൾ വന്നപ്പോൾ അവർക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേൾക്കാൻ വിശാലമനസ്കത കാണിച്ച ലോകായുക്ത ജസ്റ്റിസ് തനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ജലീൽ ചോദിക്കുന്നു.

ഒരു സാധാരണ പൊതുപ്രവർത്തകനെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തിരഞ്ഞെടുപ്പ് സമയം നോക്കി ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പ്രമാദമായ ആ വിധിയെന്നും അദ്ദേഹം കത്തിൽ ചോദിച്ചു. ' താങ്കൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കൾക്കറിയാം! അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കൽ?', കെ ടി ജലീൽ വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ലോകായുക്തക്ക് ഒരു തുറന്ന കത്ത്.

സിറിയക് ജോസഫ് അറിയാൻ,

ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആയുധം ഗോദ്സെയുടെ കയ്യിൽ നിന്ന് തിരിച്ചു വാങ്ങിയ വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ? ഇനി ബന്ധുമിത്രാതികളെ വിസിയും ഹയർസെക്കൻഡറി ഡയറക്ടറും ജഡ്ജിയുമൊക്കെ ആക്കാൻ പദവി ദുരുപയോകം ചെയ്യാൻ അങ്ങേക്കു പറ്റില്ല.

യു.ഡി.എഫിൻ്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി എനിക്കൊരു നോട്ടീസ് അയക്കുകയോ എന്നെ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയ വിധി പറഞ്ഞ് ഇടതുവിരുദ്ധരുടെ കയ്യടിയും സമ്മാനങ്ങളും വാങ്ങിയ താങ്കളും സഹപ്രവർത്തകനും മരിക്കുന്നതിന് മുമ്പെങ്കിലും കുപ്രസിദ്ധമായ ആ വിധിയുടെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തണം!

ഒരു സ്ഥാപനം മെച്ചപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ ഒരുവർഷം ഒരാൾക്ക് ഡെപ്യൂട്ടേഷൻ നൽകിയതിൻ്റെ പേരിലാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ അഡ്വക്കറ്റ് ജനറലാക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട അഭിഭാഷകൻ്റെ ഓഫീസിൽ വെച്ച് തയ്യാറാക്കിയ വിധിയെന്ന് ആരോപിക്കപ്പെടുന്ന വിധിപ്പകർപ്പിൽ ഒപ്പിട്ട് സമൂഹമദ്ധ്യത്തിൽ വ്യക്തിപരമായി എന്നെ താറടിച്ച് കാണിച്ചത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരുനയാപൈസയുടെ അവിഹിത സമ്പാദ്യമോ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തിരിമറികളോ ഞാൻ നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലോകാവസാനം വരെ അതിന് ഒരേജൻസിക്കും സാധിക്കുകയുമില്ല. അങ്ങിനെയുള്ള ഒരു സാധാരണ പൊതുപ്രവർത്തകനെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തെരഞ്ഞെടുപ്പ് സമയം നോക്കി ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പ്രമാദമായ ആ വിധി?

മറ്റു പലർക്കെതിരെയും ലോകായുക്തയിൽ ഹർജികൾ വന്നപ്പോൾ അവർക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേൾക്കാൻ വിശാലമനസ്കത കാണിച്ച താങ്കൾ എനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണ്? താങ്കളെപ്പോലുള്ള നീതിബോധം തൊട്ടുതീണ്ടാത്തവർ "ന്യായാധിപൻ" എന്ന വാക്കിനാൽ അഭിസംബോധന ചെയ്യപ്പെടാൻ പോലും അർഹനല്ല! ലോകായുക്ത വിധിക്കെതിരെ മേൽക്കോടതികളിൽ അപ്പീലിന് പോകാൻ പോലും അവസരം നൽകാത്ത നിയമത്തിൻ്റെ മറപിടിച്ച് മേലിൽ ഒരാളെ രാഷ്ട്രീയ എതിരാളികളിൽ നിന്ന് കയ്നിറയെ സമ്മാനങ്ങൾ വാങ്ങി അപമാനിക്കാൻ താങ്കൾക്കാവില്ല. താങ്കളുടെ ആ വിഷപ്പല്ലാണ് ഇന്ത്യൻ പ്രസിഡണ്ട് തൻ്റെ കയ്യൊപ്പിലൂടെ പറിച്ചെറിഞ്ഞത്. കേരള നിയമസഭ പാസ്സാക്കിയ നിയമം തെറ്റായിരുന്നുവെങ്കിൽ ഒരുകാരണവശാലും ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെക്കുമായിരുന്നില്ല.

"ജഡ്ജ്" എന്ന "പദവി" കാട്ടി താങ്കൾ സ്വന്തം അനുജനെ ഹയർസെക്കൻ്ററി ഡയറക്ടറാക്കി. സഹോദരഭാര്യയെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസലറാക്കി. അവരെത്തന്നെ പിന്നീട്‌ കേന്ദ്ര സർവകലാശാലയുടെ വി.സിയാക്കി. ഇന്ത്യൻ ജുഡീഷ്യറിയിൽ താങ്കളെപ്പോലെ ഹൃദയശൂന്യനായ ഒരാൾക്ക് പിന്തുടർച്ച വേണമെന്ന് നിശ്ചയിച്ച് സഹോദര പുത്രിയെ ജഡ്ജിയാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി. താങ്കളുടെ കള്ളക്കളി കൊളീജിയം തിരിച്ചറിഞ്ഞത് കൊണ്ട് രാജ്യം രക്ഷപ്പെട്ടു. ഇത്രകേമിയാണ് താങ്കളുടെ സഹോദരപുത്രിയെങ്കിൽ എന്തേ ജില്ലാ ജഡ്ജിമാരുടെ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് അവർക്ക് ജഡ്ജിയാകാൻ കഴിഞ്ഞില്ല? താങ്കൾ അയോഗ്യനെന്ന് മുദ്രകുത്തിയ അദീപ് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ കേന്ദ്രസർക്കാർ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ പ്രധാന നഗര ശാഖയുടെ ചീഫ് മാനേജരാണ്. ശുപാർശയിൽ കിട്ടിയതല്ല ആ പദവി. കഴിവ് കൊണ്ട് ലഭിച്ചതാണ്. സംശയമുണ്ടെങ്കിൽ താങ്കൾ അന്വേഷിച്ചോളൂ. എല്ലാകാലവും കുബുദ്ധി വിജയിക്കുമെന്ന് മിസ്റ്റർ സിറിയക് ജോസഫ്, താങ്കൾ കരുതരുത്.

ലോകായുക്ത നിയമം ഭേദഗതി ചെയ്യപ്പെട്ട സാഹചര്യത്തിൽ അങ്ങയോട് ഒരു എളിയ ചോദ്യം: 2022-ൽ താങ്കൾ എനിക്കെതിരെ നടത്തിയ തീർത്തും അന്യായമായ വിധിയെ സംബന്ധിച്ച് ഒരു പരസ്യ സംവാദത്തിന് താങ്കൾ തയ്യാറുണ്ടോ? തിയ്യതിയും സമയവും സ്ഥലവും താങ്കൾ തീരുമാനിച്ചോളൂ. അഭയ എന്ന പാവം കന്യാസ്ത്രീയുടെ കൊലപാതകം ആത്മഹത്യയാക്കി ഒന്നാം പ്രതിയും താങ്കളുടെ ഭാര്യ സഹോദരി ഭർത്താവിൻ്റെ ജേഷ്ഠനുമായ ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ന്യായാധിപൻ എന്ന പദവി ഉപയോഗിച്ച് താങ്കൾ നടത്തിയ വഴിവിട്ട ശ്രമങ്ങൾ ഓർമ്മയില്ലേ? അവയെല്ലാം പച്ചക്ക് തുറന്നു കാട്ടിയ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ ഒരു വക്കീൽ നോട്ടീസ് പോലും അയക്കാതിരുന്നത് അവയെല്ലാം സത്യമായത് കൊണ്ടല്ലേ? താങ്കൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കൾക്കറിയാം! അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കൽ?

മിസ്റ്റർ സിറിയക് ജോസഫ്, മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഇന്ത്യൻ ചീഫ് ജസ്റ്റിസിന് അയച്ച പരാതി താങ്കൾ വായിച്ചില്ലേ? ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഒരു റിട്ടയേഡ് ജഡ്ജിക്കെതിരെയും സമാന ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടാവില്ല. താങ്കളുടെയും ജനങ്ങളുടെയും അറിവിലേക്കായി അത് ചുവടെ ചേർക്കുന്നു.

To,

Hon'ble Mr. Justice D. Y Chandrachud Chief Justice,Supreme Court of IndiaNew Delhi - 110001

വിഷയം: സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് പദവി ദുരുപയോഗം ചെയ്ത്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന പരാതി സംബന്ധിച്ച്:

സർ,

സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ്, മൂന്നരവർഷക്കാലം സുപ്രീം കോടതി ജഡ്ജിയായി ഇരുന്ന സമയത്തും കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസായി രണ്ടര വർഷക്കാലം ഇരുന്ന സമയത്തും, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡൽഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് എന്ന പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

6.7.1994 ൽ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച ജസ്റ്റിസ് സിറിയക് ജോസഫ്, 2012 ജനുവരി 27-നാണ് സുപ്രീം കോടതി ജഡ്ജിയായി റിട്ടയർ ചെയ്തത്. നീണ്ട 17 വർഷവും 5 മാസവും 21 ദിവസവുമാണ് ജഡ്ജിയായി അദ്ദേഹം ഇരുന്നത്. ഇതിൽ മൂന്നരവർഷം സുപ്രീംകോടതി ജഡ്ജിയായി. കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ടര വർഷവും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഒരു വർഷവും ബാക്കിയുള്ള കാലയളവിൽ കേരള ഹൈകോടതിയിലും ഡൽഹി ഹൈകോടതിയിലും ജഡ്ജിയായും പ്രവർത്തിച്ചു. ജഡ്ജ്മെൻ്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അറ്റോർണി ജനറൽ ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ഒരുദാഹരണമായി വാദത്തിനിടയിൽ 2015 ജൂൺ 18 ന് സുപ്രീംകോടതിയിൽ പറഞ്ഞത് ജുഡീഷ്യറിയിലെ "doubtful integrity"യുള്ള വ്യക്തിയാണ് സിറിയക് ജോസഫെന്നാണ്. ഇക്കാര്യം"THE TIMES OF INDIA" 2015 ജൂൺ 19-ന് ഒന്നാം പേജിലെ പ്രധാന വാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയാണ് പ്രതികളെ ശിക്ഷിക്കേണ്ട പല കേസുകളിലും ജഡ്ജ്മെൻ്റ് എഴുതാതെ അനന്തമായി നീട്ടികൊണ്ടുപോയി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിക്കൊടുത്തെന്ന ആരോപണം ഉയർന്നിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ പതിനേഴരവർഷക്കാലം ജഡ്ജിയായി ഇരിന്നിട്ട് വിരലിലെണ്ണാവുന്ന വിധി മാത്രം പറഞ്ഞിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. വിധി പറഞ്ഞ കേസുകൾ പരിശോധിച്ചാൽ തന്നെ ഒരുകൊലക്കേസ് പ്രതിയെപ്പോലും സിറിയക് ജോസഫ് ശിക്ഷിച്ചതായി കേട്ടുകേൾവിയില്ല. പതിനേഴര വർഷക്കാലം ജഡ്ജിയായി ഇരുന്ന് കോടികൾ ശമ്പളവും മററു ആനുകൂല്യങ്ങളും പറ്റിയിട്ടും ജഡ്ജ്മെൻ്റ്റ് എഴുതാത്ത ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയയെ (Catholic nun) കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപരിന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ (Catholic Priest) ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ഭാര്യാ സഹോദരി ഭർത്താവിൻ്റെ ജേഷ്ഠ സഹോദരനാണ്. ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈകോടതിയിൽ ജഡ്ജിയായിരുന്നപ്പോൾ മുതൽ ശ്രമിച്ച വിവരം കേരള സമൂഹത്തിൽ പകൽപോലെ തെളിഞ്ഞതാണ്. 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2020 ഡിസംബർ 23-നാണ് ഒന്നാം പ്രതി കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

ജസ്റ്റിസ് സിറിയക് ജോസഫ് കർണ്ണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരിക്കെ 2008 മെയ് 24-ന് സിസ്റ്റർ അഭയ കേസിലെ പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയ സി.ഡി കാണാൻ ബാഗ്ലൂരിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി 45 മിനിറ്റോളം ഇരുന്ന് നാർകോ സി.ഡി കണ്ടെന്ന് 4.7.2009 സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണ്. ചീഫ് ജസ്റ്റിസെന്ന അധികാരം ദുരുപയോഗം ചെയ്ത് ഉറ്റബന്ധുവായ പ്രതിക്ക് സി.ഡിയിലുള്ള രഹസ്യങ്ങൾ ചോർത്തിക്കൊടുക്കാനായിരുന്നു അതെന്ന കാര്യത്തിൽ സംശയമില്ല.

സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിയായി 2012 ജനുവരി 27-നാണ് ജസ്റ്റിസ് സിറിയക് ജോസഫ് റിട്ടയർ ചെയ്തത്. അതിനുശേഷം, 2013-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെമ്പറായി നിയമിക്കുന്നതിനുള്ള ശുപാർശ രണ്ടാം മൻമോഹൻസിംഗ് സർക്കാറിൻ്റെ കാലത്ത് സെലെക്ഷൻ കമ്മിറ്റിയിൽ വന്നു. ആ ഘട്ടത്തിൽ കമ്മിറ്റി അംഗങ്ങളായ അന്നത്തെ ലോകസഭാ പ്രതിപക്ഷനേതാവ് ശ്രീമതി സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് ശ്രീ അരുൺ ജൈറ്റ്ലിയും അഴിമതിക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെമ്പറായി നിയമിക്കുന്നതിനെ ശക്തമായി എതിർത്തു. അതേതുടർന്ന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനം മാറ്റിവെക്കുകയായിരുന്നു.

2009 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ എറണാകുളം കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ സീറോ മലബാർ സഭയുടെ അന്തർദേശീയ അൽമായ അസംബ്ലി ഉൽഘാടനം ചെയ്തത് സുപ്രീംകോടതി ജഡ്ജ് എന്ന നിലയിൽ ജസ്റ്റിസ് സിറിയക് ജോസഫാണ്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമായിരുന്നു. സിറിയക് ജോസഫിൻ്റെ വാക്കുകൾ ഇപ്രകാരമാണ്: "എനിക്ക് സഭയോടുള്ള സ്നേഹത്തിനും കൂറിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഔദ്യോഗികമായ സ്ഥാനമാനങ്ങൾക്കൊക്കെ താഴെ പറയ്ക്കു കീഴിൽ കമിഴ്ത്തി വെക്കേണ്ടതാണ് സഭയോടുള്ള കൂറ് എന്ന് എനിക്ക് തോന്നിയിട്ടില്ല. 1968 മുതൽ 88 വരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിലും ഞാൻ മുൻപന്തിലായിരുന്നു. പിന്നീട് ഔദ്യാഗിക പദവികൾ വഹിച്ചതിനാൽ ഇതിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു". സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് തൻ്റെ കൂറും വിശ്വാസവും ഇന്ത്യൻ ഭരണഘടനയോടും നീതിന്യായ കോടതിയോടും അല്ലായെന്നും സഭയോടാണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു".

ജഡ്ജി എന്ന നിലയിലെ പദവി ദുരുപയോഗം ചെയ്ത് വലിയ സ്ഥാനമാനങ്ങൾ സ്വന്തം കുടുംബാംഗങ്ങൾക്ക് നേടിക്കൊടുക്കുന്നതിൽ വഴിവിട്ട് എന്തും ചെയ്യുന്നയാളാണ് സിറിയക് ജോസഫ്. അദ്ദേഹം കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ഇരിക്കവെ പദവി ദുരുപയോഗം ചെയ്താണ്, സ്വന്തം സഹോദരൻ ജെയിംസ് ജോസഫിനെ കേരള ഹയർസെക്കൻ്ററി ഡയറക്ടറാക്കിയതും, ജെയിംസിൻ്റെ ഭാര്യ ഝാൻസി ജെയിംസിനെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാക്കിയതും. അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജിയായിരിക്കെയാണ് 2011-ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത്, സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതിയിലെ സംസ്ഥാന സർക്കാറിൻ്റെ പ്ലീഡറാക്കിയത്. അഡ്വ: തുഷാര ജെയിംസിനെ കേരള ഹൈക്കോടതിയിൽ ജഡ്ജിയാക്കാനും ജസ്റ്റിസ് സിറിയക് ജോസഫ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

ആയതിനാൽ ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനം ഉണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി, ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തയോടെ

ജോമോൻ പുത്തൻപുരയ്ക്കൽ

21.12.2023

മിസ്റ്റർ സിറിയക് ജോസഫ്, ആയിരം കൊല്ലം കുമ്പസരിച്ചാലും താങ്കളുടെ കയ്യിലെയും മനസ്സിലെയും പാപക്കറ മാഞ്ഞുപോകില്ല. സമാധാനത്തോടെ ഒരുദിവസം പോലും കണ്ണടക്കാൻ താങ്കൾക്ക് കഴിയില്ല. അത്യാർത്തിയിൽ വാരിക്കൂട്ടിയതൊന്നും താങ്കളുടെ പിൻതലമുറക്കാർക്ക് ഉപകരിക്കില്ല മിസ്റ്റർ സിറിയക് ജോസഫ്!

ഇന്ത്യൻ പ്രസിഡണ്ട് ഒപ്പിട്ട ലോകായുക്ത ഭേദഗതി നിയമം താങ്കൾക്കും സഹപ്രവർത്തകനും സമർപ്പിച്ച് കൊണ്ട് തൽക്കാലം നിർത്തുന്നു.

ഡോ:കെ.ടി.ജലീൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com