പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; ആറ് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; ആറ്  എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. കൽപ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com