ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ; രാജീവ് ചന്ദ്രശേഖറിനായി സമ്മര്‍ദ്ദം

പത്തനംതിട്ട സീറ്റ് സംബന്ധിച്ചും ബിജെപിയില്‍ പ്രതിസന്ധി തുടരുകയാണ്.
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ; രാജീവ് ചന്ദ്രശേഖറിനായി സമ്മര്‍ദ്ദം

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാഥമിക പട്ടിക പരിഗണിച്ചായിരിക്കും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. കഴിഞ്ഞ 24 ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രാഥമിക ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയിരുന്നു.

ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാജീവ് ചന്ദ്രശേഖറിന് സീറ്റ് നല്‍കാന്‍ ബിജെപി കര്‍ണാടക ഘടകം തയ്യാറാണ്. സുരക്ഷിത മണ്ഡലമായ ബംഗളൂരു നോര്‍ത്ത് ഒഴിവാക്കി തിരുവനന്തപുരത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനും താല്‍പര്യമില്ല. എന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് രാജീവ് വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം.

പത്തനംതിട്ട സീറ്റ് സംബന്ധിച്ചും ബിജെപിയില്‍ പ്രതിസന്ധി തുടരുകയാണ്. പി സി ജോര്‍ജിനായി കേന്ദ്രനേതൃത്വം ഉറച്ചുനില്‍ക്കുകയാണ്. കുമ്മനം രാജശേഖരനും പി എസ് ശ്രീധരന്‍പിള്ളയും തിരുവനന്തപുരത്തും പത്തനംതിട്ടയിട്ടയിലും പരിഗണിക്കപ്പെടുന്നുണ്ട്. 5 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ബിഡിജെഎസിന് 4 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വരും. ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.

മറ്റ് സഖ്യകക്ഷികളും സീറ്റുമോഹവുമായി രംഗത്തെത്തിയെങ്കിലും മറ്റാര്‍ക്കും സീറ്റില്ലെന്നാണ് ഉഭയകക്ഷി ചര്‍ച്ചയിലെ നിര്‍ദേശം. 16 സീറ്റില്‍ ബിജെപി, 4 എണ്ണത്തില്‍ ബിഡിജെഎസ് എന്നതാണ് എന്‍ഡിഎ കക്ഷിനില. ആലത്തൂരും വയനാടും ഇത്തവണ ബിഡിജെഎസിന് കിട്ടിയിട്ടില്ല. രണ്ടും ബിജെപി തിരിച്ചെടുത്തു. പകരം കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നീ സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനാണ് നിലവില്‍ ധാരണ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com