മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ്; തീരുമാനത്തിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തി

കോൺഗ്രസ് അനാവശ്യമായി ലീഗിന് വിധേയപ്പെടുന്നു എന്നാണ് ഇവരുടെ വിമർശനം
മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ്; തീരുമാനത്തിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തി

മലപ്പുറം: മൂന്നാം സീറ്റ് എന്ന മുസ്ലിം ലീഗിൻ്റെ ആവശ്യത്തിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന മുസ്ലിം ലീഗ്-കോൺഗ്രസ് ഉഭകക്ഷി ചർച്ചയിലെ ധാരണക്കെതിരെ കോൺഗ്രസിലെ ഒരുവിഭാഗത്തിന് എതിർപ്പ്. ലീഗിന് രാജ്യസഭാ സീറ്റ് കൊടുക്കാനുള്ള തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അനാവശ്യമായി ലീഗിന് വിധേയപ്പെടുന്നു എന്നാണ് ഇവരുടെ വിമർശനം.

മുതിർന്ന നേതാക്കൾക്കിടയിൽ തന്നെയാണ് പ്രധാനമായും ഈ വിമർശനം ഉയരുന്നത്. വരുന്ന ജൂലൈ മാസത്തിൽ ഒഴിവുവരുന്ന രാജ്യസീറ്റ് നേരത്തെ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റാണ് ഇപ്പോൾ മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭയിൽ കേരളത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ഓരോ അംഗങ്ങളാണ് ഉള്ളത്.

ഒഴിവുവരുന്ന ഒരു സീറ്റ് കൂടി ലീഗിന് നൽകുമ്പോൾ രാജ്യസഭയിൽ ലീഗിന് രണ്ട് അംഗങ്ങളും കോൺഗ്രസിന് ഒരാളും എന്ന നിലവരും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ 2027ൽ അബ്ദുൾ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് നേതൃത്വത്തിൻ്റെ ഫോർമുല. എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ നിയമസഭയിലെ സമവാക്യങ്ങൾ മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ആലുവയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലായിരുന്നു മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകാനുള്ള ധാരണയായത്. രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വെച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ലീഗിൻ്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല. ചർച്ച തൃപ്തികരം എന്നായിരുന്നു ചർച്ചയ്ക്ക് ശേഷം മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com