കോണ്‍ഗ്രസിന്റെ പിന്തുണ പോലും ഷാജിക്ക് ലീഗില്‍ നിന്നില്ല; കുഞ്ഞനന്തന്‍ വിഷയത്തില്‍ ലീഗില്‍ മൗനം

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കെഎം ഷാജിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടും ലീഗില്‍ നിന്ന് ഒരാള്‍ പോലും ഇതുവരെ പിന്തുണച്ചിട്ടില്ല
കോണ്‍ഗ്രസിന്റെ പിന്തുണ പോലും ഷാജിക്ക് ലീഗില്‍ നിന്നില്ല; കുഞ്ഞനന്തന്‍ വിഷയത്തില്‍ ലീഗില്‍ മൗനം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവനയോട് മുഖം തിരിച്ച് ലീഗ് നേതൃത്വം. കെഎം ഷാജിയുടെ പ്രസ്താവന ചര്‍ച്ചയായി മാറി ഒരാഴ്ച പിന്നിട്ടിട്ടും മുസ്ലിം ലീഗിലെ മറ്റൊരു നേതാവും ഇതുവരെ കെഎം ഷാജിക്ക് പിന്തുണയുമായി എത്തിയിട്ടില്ല. അതേ സമയം കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സുധാകരന്‍, എം എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരെല്ലാം നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയുമായി ഷാജിയുടെ ആരോപണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ യൂത്ത് ലീഗിലെയോ മുസ്ലിം ലീഗിലെയോ ഒരു നേതാവ് പോലും ഇതുവരെ ഷാജിയുടെ ആരോപണത്തെ പിന്തുണയ്ക്കുകയോ വിഷയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.

ഇതിനിടയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കെഎം ഷാജിയുടെ ആരോപണത്തെ തള്ളുകയും ഷാജിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും ലീഗ് നേതൃത്വത്തില്‍ ആരും ഷാജിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരാത്തത് മുസ്ലിം ലീഗിലെ വിഭാഗീയതയുടെ സൂചനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതിവിധിയെ യുഡിഎഫ് പ്രചരണായുധമാക്കിയെങ്കിലും ലീഗ് നേതൃത്വം ഇതേറ്റെടുത്തിരുന്നില്ല എന്നതും ഇവിടെ ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്. സിപിഐഎമ്മുമായി നേരിട്ട് കൊമ്പുകോര്‍ക്കാതിരിക്കാനുള്ള ജാഗ്രത ലീഗിന്റെ ഔദ്യോഗിക നേതൃത്വം കാത്തുസൂക്ഷിക്കുന്നു എന്ന തരത്തിലാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരിക്കെ അദ്ദേഹം ഭക്ഷ്യ വിഷബാധയേറ്റുമരിച്ചതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കെഎം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി പറഞ്ഞിരുന്നു. കൊണ്ടോട്ടിയില്‍ നടന്ന മുസ്ലിം ലീഗിന്റെ പഞ്ചദിന ജനകീയ പ്രതികരണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു കെ എം ഷാജിയുടെ ആരോപണം.

'ഞങ്ങള്‍ക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാന്‍ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. ടി പി വധക്കേസില്‍ കുഞ്ഞനന്തന്‍ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പറയുന്നതിന്റെ പേരില്‍ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്ദനായിരുന്നു. ഏഴ് പ്രതികള്‍ക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ്.' കെ എം ഷാജിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില്‍ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് അക്കാലത്ത് വലിയ വിവാദമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com