പൊന്നാനിയിൽ കെ എസ് ഹംസ പാർട്ടി ചി​ഹ്നത്തിൽ മത്സരിക്കും?

സ്വതന്ത്രനായി മത്സരിച്ചാൽ ചിഹ്നം ലഭിക്കാൻ വൈകും എന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
പൊന്നാനിയിൽ കെ എസ് ഹംസ പാർട്ടി ചി​ഹ്നത്തിൽ മത്സരിക്കും?

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ സിപിഐഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചേക്കുമെന്ന് സൂചന. സ്വതന്ത്രനായി മത്സരിച്ചാൽ ചിഹ്നം ലഭിക്കാൻ വൈകും എന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.

മുസ്ലീം ലീഗ് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായി കളത്തിലിറക്കാനുള്ള സിപിഐഎം തീരുമാനം അപ്രതീക്ഷിതമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിനാണ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കെ എസ് ഹംസക്കെതിരേ ആദ്യം ലീഗ് നടപടിയെടുത്തത്. പിന്നാലെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കി. തുടര്‍ന്ന് ഗുരുതരമായ അച്ചടക്കലംഘനം ആരോപിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

ലീ​ഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ എസ് ഹംസയ്ക്ക് പൊന്നാനിയിൽ സീറ്റ് നൽകുന്നതോടെ ലീ​ഗ് കോട്ടയുടെ അടിത്തറയിളക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. 1962 മുതൽ 1971 വരെ മൂന്ന് തവണമാത്രമാണ് പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുള്ളത്. നിയമസഭയിലേക്ക് രണ്ടാമതും പിണറായി സർക്കാരിനെ ജയിപ്പിച്ച ജനം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇടത് പാളയത്തിലുണ്ട്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ മുൻ മുസ്ലിം ലീ​ഗ് നേതാവിനാകുമോ എന്ന പരീക്ഷണ വേദികൂടിയാണ് ഇത്തവണ എൽഡിഎഫിന് പൊന്നാനി.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ഇതിൽ തിരൂരങ്ങാടി, തിരൂ‍ർ, കോട്ടക്കൽ എന്നീ നിയോജക മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത തൃത്താല ഉൾപ്പെടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഇത് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com