രാജ്യസഭയിലേയ്ക്ക് ആര്? യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു പൊന്നാനിയിൽ?; മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ

സാദിഖലി തങ്ങൾ പങ്കെടുക്കുന്ന നാളത്തെ മുസ്ലിം ലീഗ് യോഗത്തിൽ തീരുമാനം
രാജ്യസഭയിലേയ്ക്ക് ആര്? യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു പൊന്നാനിയിൽ?; മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ

മലപ്പുറം: മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന ഒത്തുതീർപ്പിന് മുസ്ലിം ലീഗ് വഴങ്ങിയതോടെ ലോക്സഭാ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ. നിലവിലെ ലോക്സഭാ സിറ്റിങ്ങ് എം പിമാരിൽ ആരെയെങ്കിലും രാജ്യസഭയിലേയ്ക്ക് മത്സരിപ്പിച്ച് ലോക്സഭയിലേയ്ക്ക് യുവനേതൃത്വത്തെ പരിഗണിക്കുന്നതിനെക്കുറിച്ചാണ് മുസ്ലിം ലീഗിൽ കൂടിയാലോചനകൾ നടക്കുന്നത്.

ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് ഇ ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാനും പൊന്നാനിയിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഫൈസൽ ബാബുവിനെ പരിഗണിക്കാനുമുള്ള ആലോചനയ്ക്കുമാണ് മുസ്ലിം ലീഗിൽ മുൻഗണ. ഇ ടി മുഹമ്മദ് ബഷീർ പിന്മാറാൻ വിസമ്മതിച്ചാൽ അബ്ദുസമദ് സമദാനിയെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനും ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റാനും അഡ്വ ഫൈസൽ ബാബുവിനെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാനുമുള്ള നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. നിലവിലെ സിറ്റിങ്ങ് എം പിമാർ രണ്ടുപേരും മത്സരരംഗത്തു നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ മലപ്പുറം, പൊന്നാനി സീറ്റുകൾ വെച്ചുമാറണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനം സാദിഖലി തങ്ങൾ പങ്കെടുക്കുന്ന നാളത്തെ മുസ്ലിം ലീഗ് യോഗത്തിൽ ഉണ്ടാകും.

മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന് വ്യക്തമായതോടെ മുസ്ലിം ലീഗിലും യുവ സ്ഥാനാർത്ഥിയെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വം മൂന്നാം സീറ്റിനായി സമ്മർദ്ദം ശക്തിപ്പെടുത്തിയത്. മൂന്നാം സീറ്റിൽ യൂത്ത് ലീഗിൻ്റെ പ്രതിനിധിയെ മത്സരിപ്പിക്കാമെന്നുമായിരുന്നു മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. എന്നാൽ മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചതോടെയാണ് ലോക്സഭാ, രാജ്യസഭാ സീറ്റുകൾ സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകൾ മുസ്ലിം ലീഗിൽ നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com