സിപിഐ തയ്യാർ; തൃശ്ശൂർ എടുക്കാൻ സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തലസ്ഥാനത്ത് പന്ന്യൻ രവീന്ദ്രൻ

മാവേലിക്കര മണ്ഡലത്തിൽ യുവനേതാവ് അരുൺ കുമാർ
സിപിഐ തയ്യാർ; തൃശ്ശൂർ എടുക്കാൻ സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തലസ്ഥാനത്ത് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ യുവനേതാവ് സി എ അരുൺ കുമാർ, തൃശ്ശൂർ വി എസ് സുനിൽ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗമാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗൺസിലുകൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർദ്ദേശം സംസ്ഥാന കൗൺസിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

2009 മുതൽ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം. പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തിയിരുന്നു. എന്നാൽ, 2009ലെ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി രാമചന്ദ്രൻനായർ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ സിപിഐയുടെ സ്ഥാനാർത്ഥി നിർണ്ണയം തിരുവനന്തപുരത്ത് പാളിയതായി വിമർശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദനെ തന്നെ സിപിഐ തിരുവനന്തപുരത്ത് ഇറക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്ങ് സീറ്റായ വയനാട്ടിൽ ദേശീയ നേതാവിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഐ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ അതോടെ മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാലും ശക്തമായ മത്സരം വയനാട്ടിൽ ഉറപ്പിക്കുക കൂടിയാണ് ആനി രാജയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിൻ്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി കളമൊരുക്കുന്ന സാഹചര്യത്തിലാണ് ജനകീയനായ വി എസ് സുനിൽ കുമാറിനെ സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം തൃശ്ശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള പ്രചാരണം ശക്തമാക്കിയത് മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. അതിനാൽ തന്നെ തൃശ്ശൂരിൽ ശക്തനായ സുനിൽ കുമാറിനെ മത്സരത്തിനിറക്കി സിപിഐ തൃശ്ശൂരിൽ പൊടിപാറുന്ന പോരാട്ടത്തിനുള്ള വെല്ലുവിളി കൂടിയാണ് ഉയർത്തിയിരിക്കുന്നത്.

മാവേലിക്കരയിൽ കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റിൽ ഇത്തവണ സിപിഐയ്ക്ക് വിജയസാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ശക്തമായ സാഹചര്യത്തിൽ യുവ നേതാവായ സി എ അരുൺ കുമാറിനെയാണ് സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മൂന്ന് ജില്ലാ കൗൺസിലുകളിൽ കോട്ടയം കൊല്ലം ജില്ലാ കൗൺസിലുകൾ സി എ അരുൺ കുമാറിനെ പരിഗണിച്ചിരുന്നില്ല. ചിറ്റയം ഗോപകുമാർ, പ്രീജാ ശശിധരൻ, കെ അജിത്, ആർ എസ് അനിൽ തുടങ്ങിയവരുടെ പേരുകളാണ് രണ്ട് ജില്ലാ കൗൺസിലുകളുടെയും പാനലിൽ ഉണ്ടായിരുന്നത്. പാർട്ടി ചർച്ച ചെയ്യുന്നതിന് മുൻപ് പേര് പുറത്ത് വന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം ജില്ലാ കൗൺസിലുകളിൽ അരുണിൻെറ പേര് ചർച്ചക്ക് വരാതിരുന്നത്. എന്നാൽ ആലപ്പുഴ ജില്ലാ കൗൺസിൽ അതേ ജില്ലക്കാരൻ എന്ന നിലയിൽ അരുണിൻെറ പേര് ഒന്നാമതായി ഉൾപ്പെടുത്തുകയായിരുന്നു. സംസ്ഥാന കൗൺസിലിലും സി എ അരുൺ കുമാറിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ശക്തമായ ചർച്ചയും അഭിപ്രായ വ്യത്യാസവും ഉയർന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com