'കുഞ്ഞനന്തൻ്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു, മരണത്തിൽ അന്വേഷണം നടത്തണം'; കെ എം ഷാജി

അച്ഛനെ കൊന്നത് യുഡിഎഫാണെന്ന് ചൂണ്ടിക്കാട്ടി പിണറായിക്ക് പരാതി കൊടുക്കാൻ മകൾക്ക് ധൈര്യമുണ്ടോയെന്നും കെ എം ഷാജി വെല്ലുവിളിച്ചു
'കുഞ്ഞനന്തൻ്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു, മരണത്തിൽ അന്വേഷണം നടത്തണം'; കെ എം ഷാജി

മലപ്പുറം: പി കെ കുഞ്ഞനന്തൻ്റെ മരണത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കെഎംസിസി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റയുടെ പരിപാടിയിലായിരുന്നു ഷാജിയുടെ ആവശ്യം. 'കണ്ണൂർ സെൻട്രൽ ജയിലിൽ എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തൻ്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലിൽ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതിൽ മറുപടി പറയണം', കെ എം ഷാജി ആവശ്യപ്പെട്ടു.

'അച്ഛനെ കൊന്നത് യുഡിഎഫാണെന്ന് ചൂണ്ടിക്കാട്ടി പിണറായിക്ക് പരാതി കൊടുക്കാൻ മകൾക്ക് ധൈര്യമുണ്ടോ? പരാതി കൊടുക്കാൻ കുഞ്ഞനന്തൻ്റെ മകളെ വെല്ലുവിളിക്കുന്നു. കുഞ്ഞനന്തൻ്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് താൻ പറഞ്ഞത്. അച്ഛൻ കൊല്ലപ്പെട്ടതാണെന്ന് മകൾ പറയാൻ കാരണം മനസിലെ ആധിയാണ്. കൊന്നത് യുഡിഎഫുകാരാണെങ്കിൽ അന്വേഷണം നടക്കട്ടെ'യെന്നും ഷാജി വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ രംഗത്ത് വന്നിരുന്നു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

ഇതിന് പിന്നാലെ കെ എം ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരനും രംഗത്ത് വന്നിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നുമായിരുന്നു ഷബ്‌ന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നുമായിരുന്നു ഷബ്‌നയുടെ ആരോപണം.

ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്നായിരുന്നു ഷബ്നയുടെ ആരോപണത്തോട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ്റെ പ്രതികരണം. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചത്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികൾ ഏർപ്പെടുത്തിയിരുന്നുവെന്നും എം എം ഹസൻ പറഞ്ഞിരുന്നു. കുഞ്ഞനന്തന്റെ മരണത്തിൽ മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത ഷാജിക്ക് മാത്രമേ അറിയൂ എന്നും എം എം ഹസ്സൻ‌ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com