'ലീ​ഗിനെ എൽഡിഎഫിനൊപ്പം ചേർക്കണമെന്ന നിലപാടാണ് എംവിആർ അന്ന് പാർട്ടിക്കകത്ത് ഉന്നയിച്ചത്'; പി ജയരാജൻ

സിപിഐഎം മുസ്ലിം ലീഗിനെ കൂട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ലീഗ് യുഡിഎഫിനൊപ്പമാണ്
'ലീ​ഗിനെ എൽഡിഎഫിനൊപ്പം ചേർക്കണമെന്ന നിലപാടാണ് എംവിആർ അന്ന് പാർട്ടിക്കകത്ത് ഉന്നയിച്ചത്'; പി ജയരാജൻ

തിരുവനന്തപുരം: കോൺഗ്രസിനെ തോൽപ്പിക്കുന്നതിന് മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിൽ ചേർക്കണമെന്ന നിലപാട് എംവിആർ പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നതായി സിപിഐഎം നേതാവ് പി ജയരാജൻ. റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് നികേഷ് കുമാർ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1980കളിൽ മുസ്ലിം ലീഗിനെ കൂടെക്കൂട്ടില്ലെന്ന് പറയുമ്പോഴുണ്ടായിരുന്ന രാജ്യത്തെ സാഹചര്യമല്ല ഇപ്പോഴെന്നും പി ജയരാജൻ വ്യക്തമാക്കി. സിപിഐഎം മുസ്ലിം ലീഗിനെ കൂട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം മുസ്ലിം ലീഗിനെ കൂട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ലീഗ് യുഡിഎഫിനൊപ്പമാണ്. അവിടെ വേണ്ടുന്ന പരിഗണന ലീഗിന് ലഭിക്കുന്നില്ലെന്ന അണികളുടെ അഭിപ്രായമാണ് മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യുന്നത്. യുഡിഎഫിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും പ്രബലമായ പാർട്ടി ലീഗാണ്. ആ ലീഗിന് നൽകേണ്ട പ്രാതിനിധ്യം കൊടുത്തിട്ടുണ്ടോ എന്നതാണ് ചോദ്യം. അത് നൽകിയിട്ടില്ലല്ലോ. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിന് മുന്നിൽ വാതിൽ കൊട്ടിയടക്കുകയാണ് ഉണ്ടായത്. ഇൻഡ്യാ കൂട്ടായ്മയിലെ പാർട്ടികൾ എന്ന നിലയ്ക്ക് വയനാട്ടിൽ ഇടതുപക്ഷ മുന്നണിക്ക് വേണ്ടി സിപിഐയും യുഡിഎഫിന് വേണ്ടി കോൺഗ്രസുമാണ് മത്സരിക്കുന്നത്. അതുപോലെ രണ്ടു സീറ്റിൽ ഒതുക്കാൻ നോക്കുന്നതിനോട് പ്രതികരിച്ചുകൊണ്ട് മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കുക. മറ്റു ചില മണ്ഡലങ്ങളിൽ സൗഹൃദ മത്സരത്തിന് ലീഗ് തയ്യാറുണ്ടോ എന്ന ചോദ്യം ഇപ്പോൾ അണികളിൽ നിന്ന് തന്നെ ഉണ്ടായിരിക്കുകയാണ് എന്ന് പി ജയരാജൻ പറഞ്ഞു.

'ലീഗിന് ഏറ്റവും അധികം സ്വാധീനമുള്ളത് സുന്നി വിഭാഗങ്ങളിലാണ്. ആ സുന്നി വിഭാഗത്തിന്റെ ഏറ്റവും പ്രമുഖമായ സംഘടനയാണ് സമസ്ത. ആ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസം എഴുതിയിട്ടുള്ള എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ, അർഹതപ്പെട്ട സീറ്റ് യുഡിഎഫ് നല്കുന്നില്ലെങ്കിൽ സൗഹൃദ മത്സരത്തിന് തയ്യാറുണ്ടോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഡൽഹി ജെഎൻയുവിലെ ബാഫാക്കി തങ്ങൾ സ്റ്റഡി സർക്കിളിന്റെ യൂണിറ്റ്, കേരളത്തിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനവും ആ സ്വാധീനത്തിൽ ലീഗിനുള്ള പങ്ക് എന്താണ്, ലീഗിന് അർഹമായ പരിഗണന യുഡിഎഫ് നൽകുന്നുണ്ടോ എന്ന വിഷയവും അവർ പരിഗണിച്ചുകൊണ്ട് നടത്തിയ പഠന റിപ്പോർട്ടിന്റെ നിഗമനം ലീഗിന് യഥാർത്ഥത്തിൽ അഞ്ച് ലോക്സഭാ സീറ്റ് വരെ അവകാശപ്പെടാൻ അർഹയതയുണ്ടെന്നാണ്. ആ മുസ്ലിം ലീഗ് ചോദിച്ച മൂന്ന് സീറ്റ് പോലും നൽകുന്നില്ല,' പി ജയരാജൻ പറഞ്ഞു.

പണ്ട് രാജ്യത്ത് ഉടനീളം സ്വാധീനമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ ഇപ്പോൾ കോൺഗ്രസ് രാജ്യത്ത് ഉടനീളം ദുർബലപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ പോലും കോൺഗ്രസിന്റെ വോട്ടിൽ നിന്ന് ബിജെപിയിലേക്കുള്ള ചോർച്ചയാണ് കാണുന്നത്. നേതാക്കൾ പോലും ബിജെപിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ലീഗ് മൂന്ന് സീറ്റ് വേണമെന്ന് കടുംപിടിത്തം ഉന്നയിക്കുമോ, അതോ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ഈ പ്രശ്നങ്ങൾ അവസാനിക്കുമോ എന്നതൊക്കെ സമൂഹത്തിൽ വലിയ ചർച്ചയാണെന്ന് പി ജയരാജൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com