ആക്രമണകാരികളായ വന്യജീവികളെ കൊല്ലാമോ? കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം

ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ സംസ്ഥാന വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആവർത്തിച്ചു. എന്നാൽ കൊല്ലുന്നതിൽ തീരുമാനം കേന്ദ്രത്തിൻ്റെതാണെന്ന് വനംമന്ത്രി ഏ കെ ശശീന്ദ്രൻ പ്രതികരിച്ചു.
ആക്രമണകാരികളായ വന്യജീവികളെ കൊല്ലാമോ? കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം

കോഴിക്കോട്: ആക്രമണകാരികളായ വന്യജീവികളെ കൊല്ലുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ സംസ്ഥാന വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആവർത്തിച്ചു. എന്നാൽ കൊല്ലുന്നതിൽ തീരുമാനം കേന്ദ്രത്തിൻ്റെതാണെന്ന് വനംമന്ത്രി ഏ കെ ശശീന്ദ്രൻ പ്രതികരിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരം കേന്ദ്രവിഹിതമാണെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

വന്യജീവി നിയമത്തിൽ ഭേദഗതിയില്ലാതെ ഇല്ലാതെ തന്നെ മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ  വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കാട്ടുപന്നികളെയും കുരങ്ങുകളെയും  ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് സാധിക്കും. വന്യജീവികളുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ കള്ളിങ് ആലോചിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് കേന്ദ്രസർക്കാർ പത്തുലക്ഷം സഹായധനം നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന് വിഹിതം കൂട്ടിച്ചേർക്കാമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. എന്നാൽ സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ്റെ അധികാരം പരിമിതമാണെന്നും കൊല്ലാനുള്ള തീരുമാനത്തിന് കേന്ദ്രത്തിൽ നിന്നും അനുമതി വേണമെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നു.

അതേസമയം, നഷ്ടപരിഹാരം കേന്ദ്രവിഹിതം ഉൾപ്പെടെ 20 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്ന് എംഎൽഎ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. വന്യജീവി നിയമത്തിലെ ഭേദഗതികൾ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ കേന്ദ്രമന്ത്രിക്കു മുന്നിൽ സമർപ്പിച്ചുവെങ്കിലും അദ്ദേഹം പരിഗണിച്ചില്ലെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com