റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: രാമക്ഷേത്രം കണ്ണൂരിലും കോട്ടയത്തും തിരഞ്ഞെടുപ്പ് വിഷയമാകില്ല

കണ്ണൂരിൽ 1 ശതമാനം മാത്രമാണ് രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. കോട്ടയത്ത് 2.7 ശതമാനം രാമക്ഷേത്രം പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടു
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: രാമക്ഷേത്രം കണ്ണൂരിലും കോട്ടയത്തും തിരഞ്ഞെടുപ്പ് വിഷയമാകില്ല

ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും രാജ്യസുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് ഉറപ്പിച്ച് കണ്ണൂരിലെയും കോട്ടയത്തെയും വോട്ടർമാർ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്ത വോട്ടർമാരിൽ മൂന്ന് ശതമാനത്തിൽ താഴെ ആളുകളാണ് രാമക്ഷേത്രവും രാജ്യസുരക്ഷയും പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് കണ്ണൂരിലും കോഴിക്കോടും അഭിപ്രായപ്പെട്ടത്. കണ്ണൂരിൽ 1 ശതമാനം ആളുകൾ മാത്രമാണ് രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. കോട്ടയത്ത് 2.7 ശതമാനം രാമക്ഷേത്രം പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 4.6 ശതമാനം പേർ കണ്ണൂരിൽ അഭിപ്രായപ്പെട്ടപ്പോൾ കോട്ടയത്ത് സമാനമായ അഭിപ്രായം പറഞ്ഞത് 3.9 ശതമാനമാണ്.

കണ്ണൂരിലും കോട്ടയത്തും സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും വികസന പ്രവർത്തനമാണ് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. വികസന പ്രവർത്തനം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമെന്ന് കണ്ണൂരിൽ 41.3 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. കോട്ടയത്ത് 32.2 ശതമാനം പേരും വികസന പ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പു വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് കണ്ണൂരിൽ 23.3 ശതമാനം അഭിപ്രായപ്പെട്ടു. കോട്ടയത്ത് സമാന അഭിപ്രായമുള്ളത് 12.4 ശതമാനത്തിനാണ്.

കണ്ണൂരിൽ 11.8 ശതമാനം വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. കോട്ടയത്ത് 19.7 ശതമാനമാനം പേരാണ് വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടത്. തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കണ്ണൂരിൽ 10.4 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ കോട്ടയത്ത് 11.9 ശതമാനത്തിനാണ് സമാനമായ അഭിപ്രായമുള്ളത്. അഴിമതി തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കണ്ണൂരിൽ 7 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ കോട്ടയത്ത് 16.9 ശതമാനം ആളുകൾ അഴിമതി പ്രധാന തിരഞ്ഞടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. ഈ വിഷയം അറിയില്ലെന്ന് കണ്ണൂരിൽ 0.6 ശതമാനവും കോട്ടയത്ത് 0.3 ശതമാനവും അഭിപ്രായപ്പെട്ടു.

കണ്ണൂരിൻ്റെ ചുവന്ന മണ്ണിൽ ഇത്തവണ യുഡിഎഫിന് അടിപതറുമെന്ന്  പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. കണ്ണൂർ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. കണ്ണൂർ എൽഡിഎഫിനൊപ്പമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 45.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. വിജയം യുഡിഎഫിനൊപ്പമെന്ന് അഭിപ്രായപ്പെട്ടവർ 40 ശതമാനമാണ്. 13.4 ശതമാനം പേർ ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 0.7 ശതമാനമാണ്.

കേരളാ കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ഇത്തവണ യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിക്കുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിച്ചു. കോട്ടയത്ത് യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയം പ്രവചിച്ചത് 38 ശതമാനം പേരാണ്. ബിജെപി വിജയിക്കുമെന്ന് 22 ശതമാനം അഭിപ്രായപ്പെട്ടു. അറിയില്ലെന്ന അഭിപ്രായം ആരും പങ്കുവെച്ചില്ല.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com