എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം; സ്റ്റേ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇന്ന്

ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ വിജയന് ആശ്വാസമാകും. ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും.
എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം; സ്റ്റേ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇന്ന്

കൊച്ചി: എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ വിജയന് ആശ്വാസമാകും. ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും.

കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്‌ഐഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണം അനിവാര്യം. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്എഫ്‌ഐഒ അന്വേഷണം ആനുപാതികമല്ലെന്നുമായിരുന്നു എക്‌സാലോജികിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.

ഇടതടവില്ലാതെ, വിശദമായ അന്വേഷണത്തിനാണ് എസ്എഫ്‌ഐഒ അന്വേഷണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. അധികാര ദുര്‍വിനിയോഗ സാധ്യത പരിശോധിക്കാന്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ് എന്നുമാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ വാദം. എക്‌സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്ന ഇടക്കാല തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം. എക്‌സാലോജികും സിഎംആര്‍എലും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. ഇതിലാണ് അന്വേഷണം. രാഷ്ട്രീയ നേതാക്കള്‍ 135 കോടി രൂപ വാങ്ങിയെന്നാണ് മൊഴി. അതിനാല്‍ത്തന്നെ കേസില്‍ പൊതുതാല്‍പര്യം ഉള്‍പ്പെടുമെന്നുമാണ് എസ്എഫ്‌ഐഒയുടെ വാദം. കേസിലെ അന്വേഷണത്തോട് എക്‌സാലോജികിന് എതിര്‍പ്പില്ല. എസ്എഫ്‌ഐഒ അന്വേഷണത്തോട് മാത്രമാണ് എതിര്‍പ്പ്.

കമ്പനി നിയമത്തിലെ 212 വകുപ്പനുസരിച്ച് എക്‌സാലോജികില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണോയെന്നാണ് കോടതിയുടെ പരിശോധന. എക്‌സാലോജികിന്റെ ഉപഹര്‍ജിയിലെ സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ വീണാ വിജയന് ആശ്വാസമാകും, ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയും. രണ്ടായാലും വീണാ വിജയന് ഈ ദിവസം നിര്‍ണ്ണായകം. തിരിച്ചടിയെങ്കില്‍ ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാവും തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com