'സര്‍ക്കാരിന് ഇതൊന്നും നോക്കാന്‍ സമയമില്ല, പ്രതികരിച്ചിട്ട് കാര്യമില്ല'; പൊതുജനം പ്രതിസന്ധിയില്‍

കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആകുലത പങ്കുവെക്കുന്നവരാണ് ഏറെയും
'സര്‍ക്കാരിന് ഇതൊന്നും നോക്കാന്‍ സമയമില്ല, പ്രതികരിച്ചിട്ട് കാര്യമില്ല'; പൊതുജനം പ്രതിസന്ധിയില്‍

കോഴിക്കോട്: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവ് പൊതുജനത്തെ പ്രതിസന്ധിയിലാക്കും. കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആകുലത പങ്കുവെക്കുന്നവരാണ് ഏറെയും. എന്നാല്‍ വില വര്‍ധനവ് അനിവാര്യമാണെന്ന സര്‍ക്കാര് നിലപാടിനെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങളും പുറത്ത് വരുന്നുണ്ട്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ വിലവര്‍ധന സാരമായി തന്നെ ബാധിക്കുമെന്നാണ് പ്രതികരണങ്ങള്‍.

മാസങ്ങളായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്‌സിഡി ഇനങ്ങള്‍ പൂര്‍ണതോതില്‍ എത്തിയിട്ട്. സാധനങ്ങള്‍ കിട്ടാതായതോടെ സ്റ്റോറുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. വിലവര്‍ധന കൂടി വന്നതോടെ അസംതൃപ്തി മറച്ചുവെക്കുന്നില്ല പൊതുജനം. വില അല്‍പം വര്‍ധിപ്പിച്ചാലും സബ്‌സിഡി ഇനങ്ങള്‍ ലഭ്യമാക്കുമല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്.

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ ഭക്ഷ്യവകുപ്പ് പുറത്തുവിട്ടു. 13ഇനം സാധനങ്ങളില്‍ മുളകിനാണ് ഏറ്റവും വില കൂടുന്നത്. കടലയ്ക്കും വന്‍പയറിനും തുവരപ്പരിപ്പിനും 50%ത്തിലധികം വില വര്‍ധിപ്പിച്ചു. അതേസമയം മല്ലിയുടെ വില മുന്‍പുള്ളതിനേക്കാള്‍ 50പൈസ കുറഞ്ഞു.

ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളില്‍ ഇനി സബ്സിഡി സാധനങ്ങള്‍ ലഭിക്കുക.

പുതിയ നിരക്ക് അനുസരിച്ച് 13ഇനം സാധനങ്ങളില്‍ എറ്റവും വിലകൂടിയത് മുളകിനാണ്. 37.50 രൂപയ്ക്ക് ലഭിചിരുന്ന അരക്കിലോ മുളക് വാങ്ങാന്‍ ഇനി 82 രൂപ നല്‍കേണ്ടിവരും. 44.50 രൂപ വര്‍ധിച്ചു. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46രൂപ വര്‍ദ്ധിച്ച് 111 രൂപയായി. വന്‍പയറിന് 30രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. കടല കിലോയ്ക്ക് 26 രൂപയും ചെറുപയറിന് 18രൂപയും പഞ്ചസാരയ്ക്ക് 5രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികള്‍ക്ക് 5 രൂപയും ജയ അരിക്ക് 4 രൂപയും കൂടിയിട്ടുണ്ട്. 25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങള്‍ക്ക് വാങ്ങാന്‍ ഇനി 30 രൂപ വരെ നല്‍കണം. പച്ചരിക്ക് 3രൂപ കൂടിയപ്പോള്‍ മല്ലിക്ക് 50പൈസ കുറഞ്ഞു. ഉഴുന്ന്, പയര്‍ ഇനങ്ങള്‍ മാത്രമാണ് നിലവില്‍ മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് ഉള്ളത്. സാധനങ്ങള്‍ പുതിയ സ്റ്റോക്ക് വരുമ്പോള്‍ മാത്രമേ പുതിയ വില പ്രാബല്യത്തില്‍ ആകൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com