'ഗണേഷ് കുമാറിന് ആനയെ മെരുക്കാന്‍ അറിയാം'; വനം വകുപ്പ് നല്‍കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

ഈ അവസരത്തില്‍ വീരപ്പനെ ഓര്‍മ്മിക്കുകയാണ്. അദ്ദേഹമുണ്ടായിരുന്നപ്പോള്‍ എത്ര നന്നായി കാര്യങ്ങള്‍ ചെയ്തു
'ഗണേഷ് കുമാറിന് ആനയെ മെരുക്കാന്‍ അറിയാം'; വനം വകുപ്പ് നല്‍കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: വനം വകുപ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് കൈമാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പ്രായാധിക്യം മൂലം എ കെ ശശീന്ദ്രന് കാര്യക്ഷമമായി വകുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും വകുപ്പുകള്‍ പരസ്പരം വെച്ചുമാറണമെന്നുമുള്ള നിര്‍ദേശമാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്നോട്ട് വെച്ചത്. കെ ബി ഗണേഷിന് പകരം തോമസ് കെ തോമസോ കോവൂര്‍ കുഞ്ഞുമോനോ ആയാലും മതിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.

'എന്റെ മണ്ഡലമായ പെരുമ്പാവൂര്‍ വനാതിര്‍ത്തിയുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്. പത്തോ ഇരുപതോ ആനകളാണ് ഇറങ്ങി വന്ന് ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നത്. നമ്മള്‍ ഇതിനെ നിലക്ക് നിര്‍ത്തേണ്ടതില്ലേ?, ഈ അവസരത്തില്‍ വീരപ്പനെ ഓര്‍മ്മിക്കുകയാണ്. അദ്ദേഹമുണ്ടായിരുന്നപ്പോള്‍ എത്ര നന്നായി കാര്യങ്ങള്‍ ചെയ്തു. നമ്മുടെ വനം മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പ്രായാധിക്യം കൂടിയതുകൊണ്ടായിരിക്കാം. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിന് കെഎസ്ആര്‍ടിസി കൊടുത്ത് ഗണേഷ് കുമാറിന് വനംവകുപ്പ് കൊടുക്കണം. അദ്ദേഹം ഒരു ആന പ്രേമിയാണ്. എല്ലാത്തിനെയും മെരുക്കാനും അറിയാം. ഈ വകുപ്പുകള്‍ വെച്ചുമാറാന്‍ മുഖ്യമന്ത്രി തയ്യാറാവണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കോവൂര്‍ കുഞ്ഞുമോനോ തോമസ് കെ തോമസിനോ കൊടുക്ക്.' എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

നമ്മുടെ വനം മന്ത്രിക്ക് വനമേഖലയില്‍ പോകാന്‍ സമയമില്ല. ചുരം കേറാന്‍ കഴിയില്ല. കഴിവുള്ള, പ്രാപ്തിയുള്ള ചിന്താശക്തിയുള്ള പുതിയ ആളുകള്‍ക്ക് കൈമാറണം. അല്ലെങ്കില്‍ ഇതൊരു ഭ്രാന്താലയമായി മാറുമെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com