മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട്; അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ്

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട്; അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ്

കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിൻ്റെ ഉത്തരവ്. ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടർ അപേക്ഷയില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് അനുമതി നിരസിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.

വെടിക്കെട്ട് നടക്കുന്ന ക്ഷേത്ര മൈതാനത്തിൻ്റെ പരിസരത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്കൂളും ഐടിഐ കെട്ടിടവുമുണ്ട്. നിയമങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താൻ മതിയായ സൗകര്യം ക്ഷേത്ര മൈതാനത്തിലില്ല. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി വെടിക്കെട്ട് വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്‌കൂള്‍ പരിസരവുമാണ്. കാഴ്ചക്കാർക്ക് നിശ്ചിത ദൂരപരിധിയിൽ ഇരുന്ന് വെടിക്കെട്ട് കാണാനുള്ള സൗകര്യവുമില്ല.

ഇത്തരം അപകട സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊലീസ്, റവന്യൂ, അഗ്‌നിശ്മന സേന വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും നേരത്തെ സംയുക്തമായി അപേക്ഷ നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com