കിഫ്ബിയിലെ സര്‍ക്കാര്‍ വാദം തള്ളി സിഎജി; ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും വിമര്‍ശനം

'ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തു'
കിഫ്ബിയിലെ സര്‍ക്കാര്‍ വാദം തള്ളി സിഎജി; ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും വിമര്‍ശനം

തിരുവനന്തപുരം: കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും ബജറ്റിന് പുറത്തെ കടമെടുപ്പല്ലെന്ന സര്‍ക്കാര്‍ വാദം വീണ്ടും തളളി സിഎജി. സര്‍ക്കാര്‍ വാദം സ്വീകാര്യമല്ലെന്ന് സിഎജി വ്യക്തമാക്കി. ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി വിമര്‍ശിച്ചു.

കിഫ്ബി ബജറ്റിന് പുറത്തുളള വരുമാന സ്രോതസാണെന്നും കിഫ്ബി വായ്പകള്‍ പൊതുകടത്തിന്റെ ഭാഗമായി കാണാന്‍ ആകില്ലെന്നുമാണ് സര്‍ക്കാര്‍ ഉന്നിയിച്ചു പോരുന്ന വാദങ്ങള്‍. എന്നാല്‍ ഭരണഘടന ചൂണ്ടിക്കാട്ടിയും തിരിച്ചടവിന്റെ സ്രോതസ് പരാമര്‍ശിച്ചുകൊണ്ടും ഈ വാദങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നാണ് സിഎജി പറയുന്നത്.

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യത തീര്‍ക്കുന്നതിനാലും സര്‍ക്കാരിന്റെ വാദം സ്വീകാര്യമെല്ലെന്നാണ് സിഎജി നിലപാട്. പെന്‍ഷന്‍ കമ്പനിയുടെ വായ്പയിലും ഏതാണ്ട് ഇതേ സമീപനമാണ് സിഎജിക്കുളളത്. പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പകള്‍ സര്‍ക്കാരിന്റെ ബാധ്യതകള്‍ തീര്‍ക്കാനായിട്ടുള്ളതായതിനാലും വായ്പയുടെ തിരിച്ചടവും പലിശയും സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നായതിനാലും പെന്‍ഷന്‍ കമ്പനിയുടെ വായ്പകളെ സര്‍ക്കാരിന്റെ ബ്ജറ്റിന് പുറത്തുളള വായ്പകളായി കണക്കാക്കാം എന്നുമാണ് സിഎജിയുടെ നിരീക്ഷണം.

ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താത്തത് മൂലം, നിയമസഭയുടെ പൊതു സാമ്പത്തിക മാനേജ്‌മെന്റ്, മേല്‍നോട്ടം എന്നീ ഉത്തരവാദിത്തങ്ങളില്‍ വെളളം ചേര്‍ക്കുന്ന ഫലമാണ് ഉണ്ടായിരിക്കുന്നത്. അതുവഴി സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേണ്ട പ്രധാന സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കുകയും ചെയ്തുവെന്നും സിഎജി റിപ്പോര്‍ട്ട് വിമര്‍ശിച്ചു. സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പറ്റിയുളള റിപ്പോര്‍ട്ടിലാണ് സിഎജിയുടെ ഈ നിരീക്ഷണങ്ങളുള്ളത്. സിഎജി കണ്ടെത്തലുകള്‍ക്ക് ധനമന്ത്രിയുടെ മറുപടിയും റിപ്പോര്‍ട്ടിനൊപ്പം സഭയില്‍ വെച്ചിട്ടുണ്ട്.

കിഫ്ബിയിലെ സര്‍ക്കാര്‍ വാദം തള്ളി സിഎജി; ഉത്തരവാദിത്തങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും വിമര്‍ശനം
'ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനം, റദ്ദാക്കണം'; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com