'വന്യജീവികളെ ഇറക്കിവിടുന്നത് മോദിയെന്ന് പറയാത്തത് ഭാഗ്യം'; നിയമസഭാ പ്രമേയത്തെ പരിഹസിച്ച് വി മുരളീധരൻ

കേരള നിയമസഭയെ അപഹസ്യമാക്കുന്നതിന് വേറെ ഉദഹരണമില്ലെന്ന് പ്രമേയത്തെ കുറിച്ച് വി മുരളീധരൻ
'വന്യജീവികളെ ഇറക്കിവിടുന്നത് മോദിയെന്ന് പറയാത്തത് ഭാഗ്യം'; നിയമസഭാ പ്രമേയത്തെ പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദി ആണെന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് മുരളീധരൻ പരിഹസിച്ചു. കേരള നിയമസഭയെ അപഹാസ്യമാക്കുന്നതിന് വേറെ ഉദാഹരണമില്ലെന്നും പ്രമേയത്തെ കുറിച്ച് വി മുരളീധരൻ പറഞ്ഞു.

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയമാണ് ഇന്ന് നിയമസഭ ഐകകണ്‌ഠേന പാസാക്കിയത്. വനം മന്ത്രി എ കെ ശശീന്ദ്രനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇത്രയും അപഹാസ്യമായ മറ്റൊരു പ്രമേയമില്ല. കേന്ദ്ര നിയമത്തിൽ എന്ത് ഭേദഗതിയാണ് വേണ്ടത് എന്ന് പറയാൻ ഇവർക്ക് കഴിയുമോ?

കേന്ദ്രം വന്യ ജീവി സംരക്ഷണത്തിന് 31 കോടി അനുവദിച്ചു. പ്രമേയം പാസാക്കിയാൽ ആനയും കടുവയും പുറത്തിറങ്ങില്ല എന്ന് ഇവരോട് ആരാണ് പറഞ്ഞത്? കേന്ദ്ര സർക്കാർ നിർദേശിച്ച കര്യങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്. എല്ലാത്തിനും ഉത്തരവാദി കേന്ദ്രമാണ് എന്ന് പറഞ്ഞു ജനങ്ങളെ അപഹാസ്യരാക്കരുത്. പ്രമേയം തെറ്റ് ധരിപ്പിക്കലല്ല, പച്ച കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച വനംമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നു. അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനൊപ്പം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കുമുണ്ടാകും. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലുണ്ട്.

അതേസമയം കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്രം ഉത്തരവിറക്കി നാല് വർഷം കാത്തിരുന്നത് എന്തിനെന്ന് മാസപ്പടി വിവാദത്തിൽ വി മുരളീധരൻ ചോദിച്ചു. മകൾക്ക് കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ കരിമണൽ കമ്പനിക്ക് അനുകൂലമായി തീരുമാനം എടുക്കുന്നു. ഇത്രയും നഗ്നമായ അഴിമതി സംസ്ഥാനം മുൻപ് കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ആഞ്ഞടിച്ചു. വിദേശ സർവകലാശാല വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആദ്യം ബോധ്യപെടുത്തേണ്ടത് കൂത്തുപറമ്പിലെ പുഷ്പനെയും അവരുടെ കുടുംബാംഗങ്ങളെയുമെന്നും മുരളീധരൻ പറഞ്ഞു.

'വന്യജീവികളെ ഇറക്കിവിടുന്നത് മോദിയെന്ന് പറയാത്തത് ഭാഗ്യം'; നിയമസഭാ പ്രമേയത്തെ പരിഹസിച്ച് വി മുരളീധരൻ
ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്രനിയമത്തില്‍ ഭേദഗതി; പ്രമേയം ഐകകണ്ഠേനെ പാസാക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com