ആർജെഡിയും ഐഎൻഎൽ വഹാബ് പക്ഷവും മലബാറിൽ ഇടതുമുന്നണിക്ക് തലവേദന

ആർജെഡിക്ക് മത്സരിക്കാൻ സീറ്റ് എങ്കിൽ ഐഎൻഎല്ലിന് എൽഡിഎഫ് ഘടകകക്ഷി എന്ന പരിഗണനയാണ് വേണ്ടത്. പ്രശ്ന പരിഹാരത്തിന് സമയപരിധി നിശ്ചയിച്ചാണ് ഇരുകക്ഷികളും വിലപേശുന്നത്.
ആർജെഡിയും ഐഎൻഎൽ വഹാബ് പക്ഷവും മലബാറിൽ ഇടതുമുന്നണിക്ക് തലവേദന

കോഴിക്കോട്: മലബാറിൽ ഇടതുമുന്നണിക്ക് തലവേദനയായി ആർജെഡിയും ഐഎൻഎൽ വഹാബ് പക്ഷവും. ആർജെഡിക്ക് മത്സരിക്കാൻ സീറ്റ് എങ്കിൽ ഐഎൻഎല്ലിന് എൽഡിഎഫ് ഘടകകക്ഷി എന്ന പരിഗണനയാണ് വേണ്ടത്. പ്രശ്ന പരിഹാരത്തിന് സമയപരിധി നിശ്ചയിച്ചാണ് ഇരുകക്ഷികളും വിലപേശുന്നത്.

യുഡിഎഫ് കരുത്തരെ പരാജയപ്പെടുത്താൻ കൂട്ടിയും കുറച്ചും തന്ത്രങ്ങൾ ഒരുക്കുന്നതിനിടെയാണ് ഇടതു ക്യാമ്പിൽ ആർജെഡി ആദ്യ വെടി പൊട്ടിച്ചത്. എൽഡിഎഫ് വഞ്ചിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ രാജിവെച്ചു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നപ്പോൾ പതുങ്ങിയ ആർ ജെ ഡി ലോകസഭാ സീറ്റ് കൂടി നിഷേധിക്കപ്പെട്ടതോടെ ക്രൗര്യം കാട്ടുകയാണ്. ഇടതുമുന്നണിക്കൊപ്പമെന്ന് പ്രഖ്യാപിക്കുമ്പോഴും അണപൊട്ടിയ വികാരം ആർക്കാനുകൂലമാകുമെന്നത് തീർത്തു പറയാൻ കഴിയില്ല. വടകരയിലും കോഴിക്കോട്ടും ആർജെഡി വോട്ടുകൾ നിർണായകമാണ്.

ഇതിനുപുറമെയാണ് ഐ എൻ എൽ വഹാബ് പക്ഷവും അതൃപ്തി പരസ്യമാക്കുന്നത്. അഹമ്മദ് ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിച്ചത് വഹാബ് പക്ഷത്തെ ചൊടിപ്പിച്ചു. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിക്കില്ലെന്ന എൽഡിഎഫ് കൺവീനറുടെ ഉറപ്പ് ലംഘിച്ചെന്നും വാഗ്ദാന ലംഘനം നടത്തിയ നേതൃത്വത്തിന് കത്ത് നൽകുമെന്നും അറിയിച്ചു. പാർട്ടിയുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതോടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചേർന്ന് ഭാവി പരിപാടി തീരുമാനിക്കും. മലബാറിലെ മണ്ഡലങ്ങളിൽ ഐ എൻ എൽ നിലപാടും വിധിയെഴുത്തിനെ സ്വാധീനിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com