ഓപ്പറേഷൻ ബേലൂർ മ​ഗ്ന; ആനയെ ഇന്ന് മയക്കുവെടി വെക്കില്ല, ദൗത്യം തൽക്കാലം ഉപേക്ഷിച്ചു

ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിം​ഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.
ഓപ്പറേഷൻ ബേലൂർ മ​ഗ്ന; ആനയെ ഇന്ന് മയക്കുവെടി വെക്കില്ല, ദൗത്യം തൽക്കാലം ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിം​ഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.

ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായെന്നാണ് ലഭിക്കുന്ന വിവരം. ആനയെ ഒരുവട്ടം മയക്കുവെടി വച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് പോയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴേക്ക് ആന അവിടെനിന്ന് മാറിപ്പോകുകയായിരുന്നു. ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ദൗത്യം സങ്കീർണമായതായാണ് സൂചന. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കണമെന്ന് നാട്ടുകാരുടെ ഭാ​ഗത്തുനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. നാട്ടുകാർ മടങ്ങിപ്പോയ ദൗത്യസംഘത്തെ തടയുന്ന സാഹചര്യവുമുണ്ടായി.

ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ വളഞ്ഞിരുന്നു. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയത്. മയക്കുവെടി വച്ച് പിടികൂടി ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ബേലൂര്‍ മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com