സർക്കാർ ഭൂമി കയ്യേറിയ കേസ്: ഹിയറിംഗിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് മാത്യു കുഴൽനാടൻ

കെപിസിസി ജാഥയും മീറ്റിംഗുകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്
സർക്കാർ ഭൂമി കയ്യേറിയ കേസ്: ഹിയറിംഗിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് മാത്യു കുഴൽനാടൻ

ചിന്നക്കനാൽ (ഇടുക്കി): സർക്കാർ ഭൂമി കയ്യേറിയ കേസിൽ ഹിയറിംഗിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. ഈ ആവശ്യമുന്നയിച്ച് മാത്യു കുഴൽനാട് അപേക്ഷ നൽകി. ഹിയറിംഗിന് ഹാജരാകാൻ ഒരു മാസം സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി ജാഥയും മീറ്റിംഗുകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. അവധി അപേക്ഷ പരിഗണിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

ആധാരത്തിലുളളതിനേക്കാൾ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വെച്ചുവെന്നതാണ് മാത്യു കുഴൽനാടനെതിരായ കേസ്. ചിന്നക്കനാലിൽ ഭൂമി കയ്യേറിയെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മാത്യു കുഴൽനാടൻ തള്ളിയിരുന്നു. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. വാങ്ങിയ സ്ഥലത്തിൽ കൂടുതലൊന്നും കൈവശമില്ലെന്നുമായിരുന്നു കുഴൽനാടന്റെ വിശദീകരണം.

കീഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോൾ അധികം ഉണ്ടാകും. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താൻ നോക്കേണ്ട. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.

മാത്യു കുഴല്‍നാടൻ്റെ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നുമാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

സർക്കാർ ഭൂമി കയ്യേറിയ കേസ്: ഹിയറിംഗിന് ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച് മാത്യു കുഴൽനാടൻ
സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടനെതിരെ കേസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com