വാഹനലൈസന്‍സ് ആധുനികവല്‍ക്കരിക്കാനുള്ള നടപടികളില്‍ ദുരൂഹത

അച്ചടിക്കരാറില്‍ ഗതാഗത വകുപ്പിന് വേണ്ടി ഒപ്പിട്ടിരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആണ്. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമെന്നാണ് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്
വാഹനലൈസന്‍സ് ആധുനികവല്‍ക്കരിക്കാനുള്ള നടപടികളില്‍ ദുരൂഹത

കൊച്ചി: വാഹന ലൈസന്‍സും ആര്‍സി ബുക്കും ആധുനികവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ നടപടി ക്രമങ്ങളില്‍ ദുരൂഹത. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐടിഐ ലിമിറ്റഡിനാണ് മോട്ടോര്‍ വാഹന വകുപ്പ് അച്ചടിക്കരാര്‍ നല്‍കിയത്. എന്നാല്‍ ഇതിന് മൂന്നാഴ്ച്ച മുന്നേ മറ്റൊരു സ്വകാര്യ കമ്പനിയില്‍ പ്രിന്റിംഗ് ആരംഭിച്ചതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സി ബുക്കും PVC PET G കാര്‍ഡിലേക്ക് മാറ്റുന്നതിനാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഐടിഐ ലിമിറ്റഡിന് മോട്ടോര്‍ വാഹന വകുപ്പ് കരാര്‍ നല്‍കിയെങ്കിലും, എഐ ക്യാമറ ഇടപാടിലെന്ന പോലെ ഉപകരാറുമുണ്ട്.

ബംഗളൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ രേഖയില്‍ ഒന്നാം കക്ഷി ഗതാഗത വകുപ്പാണ്. ഇത്തരം കരാറുകള്‍ ഒപ്പിടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കേണ്ടത് ഗതാഗത വകുപ്പ് സെക്രട്ടറിയോ ജോയിന്റ് സെക്രട്ടറിയോ ആണ്. എന്നാല്‍ ലൈസന്‍സുകളുടെയും ആര്‍സി ബുക്കിന്റെയും അച്ചടിക്കരാറില്‍ ഗതാഗത വകുപ്പിന് വേണ്ടി ഒപ്പിട്ടിരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആണ്. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമെന്നാണ് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

രേഖകള്‍ പ്രകാരം 2023 ഏപ്രില്‍ 15 നാണ് ഐടിഐ ലിമിറ്റഡുമായി കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ അതിന് മൂന്നാഴ്ച്ച മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2023 മാര്‍ച്ച് 23ന് മറ്റു രണ്ടു കമ്പനികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ്ങിന് അനുവാദം നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി ആസ്ഥാനമായ പ്രിസയന്‍സ് സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് ആസ്ഥാനമായ കാലിഗ്രാഫ് ബിസിനസ് സിസ്റ്റംസ് എന്നീ കമ്പനികള്‍ക്കാണ് പ്രിന്റിങ്ങിന് കരാര്‍ നല്‍കിയത്. 2023 മാര്‍ച്ച് 27 മുതല്‍ പ്രിസയന്‍സ് സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് പ്രിന്റിംഗ് ആരംഭിക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശമുണ്ടായിരുന്നു.

പ്രിന്റിങ്ങിന് താല്‍പര്യമറിയിച്ച് പ്രിസയന്‍സ് സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ കത്തു പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. ബാംഗ്ലൂര്‍ ആസ്ഥാനമായ ഐടിഐ ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷവും, ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് നടന്നത് മേല്‍പ്പറഞ്ഞ സ്വകാര്യ കമ്പനികളില്‍ തന്നെയാണ്. സ്വകാര്യ കമ്പനികളില്‍ പ്രിന്റിങ് ആരംഭിക്കുകയും അതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി കരാറുണ്ടാക്കുകയും ചെയ്ത നടപടിയില്‍ അടിമുടി ദുരൂഹതയെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആരോപിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com