ആനത്താരകളുണ്ടാക്കാൻ ഭൂമിക്കായി ക്രൗഡ്‌ ഫണ്ടിങ്ങ്; കനേഡിയൻ പൗര സംഗീത അയ്യരുടെ പണപ്പിരിവിൽ ദുരൂഹത

ഒരു സെൻ്റ് ഭൂമി പോലും സംഗീത അയ്യരോ സംഘടനയോ വാങ്ങി കൊടുത്തിട്ടില്ല എന്നായിരുന്നു നിലമ്പൂർ സൗത്ത്‌ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള മറുപടി
ആനത്താരകളുണ്ടാക്കാൻ ഭൂമിക്കായി ക്രൗഡ്‌ ഫണ്ടിങ്ങ്;
കനേഡിയൻ പൗര സംഗീത അയ്യരുടെ പണപ്പിരിവിൽ ദുരൂഹത

കൊച്ചി: വിദേശ ക്രൗഡ്‌ ഫണ്ടിംഗ് വെബ്സൈറ്റുകൾ വഴി പണം പിരിച്ച് നാല് ഏക്കർ സ്വകാര്യ ഭൂമി വനം വകുപ്പിന് വാങ്ങി നൽകിയെന്ന കനേഡിയൻ പൗരയും മലയാളിയുമായ സംഗീത അയ്യരുടെ അവകാശവാദത്തിൽ ദുരൂഹത. വോയിസ് ഫോർ ഏഷ്യൻ എലഫറൻ്റ് സൊസൈറ്റി എന്ന വിദേശ സംഘടന ഒരു ഭൂമിയും സർക്കാരിന് നൽകിയില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലെ ആനകളെ സംരക്ഷിക്കാനെന്ന പേരിൽ വിദേശ സംഘടന നടത്തുന്ന ഫണ്ട് പിരിവിനെതിരെ സ്വതന്ത്ര കർഷക സംഘടന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. റിപ്പോർട്ടർ അന്വേഷണത്തിൽ വെളിപ്പെട്ടത് ഗുരുതരമായ വിവരങ്ങളാണ്.

കനേഡിയൻ പൗരയായ പാലക്കാട് സ്വദേശി സംഗീത അയ്യർ ഇന്ത്യൻ ആനകളെ സംരക്ഷിക്കുവാനെന്ന് പറഞ്ഞാണ് അമേരിക്കയിൽ വോയിസ് ഫോർ ഏഷ്യൻ എലിഫൻ്റ് സൊസൈറ്റി എന്ന സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഘടന വഴിയായിരുന്നു പണപ്പിരിവ് നടത്തിയത്. കേരളത്തിലെ ആനത്താരകൾ ഛിന്നഭിന്നമായി കിടക്കുകയാണെന്നും അതിനിടയിലുള്ള സ്വകാര്യ ഭൂമി വാങ്ങി വനംവകുപ്പിന് നൽകും എന്ന് പറഞ്ഞ് 357 പേരിൽ നിന്നായി 43 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. 2019 ൽ പിരിവ് അവസാനിപ്പിച്ചെങ്കിലും മൂന്ന് വർഷം ഒന്നും ചെയ്തില്ല. പിന്നീട് 2023 ജൂണിൽ എറണാകുളം പ്രസ്സ് ക്ലബ്ബിൽ ഇവർ വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് വനം വകുപ്പ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദിന് നാലേക്കർ ഭൂമിയുടെ രേഖകൾ കൈമാറുകയായിരുന്നു. യൂട്യൂബും ഫേസ്ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ വനംവകുപ്പിന് ഭൂമി വാങ്ങി നൽകിയെന്നും പ്രചരിച്ചിരുന്നു.

2016 ൽ രൂപീകൃതമായ വോയിസ് ഫോർ ഏഷ്യൻ എലിഫൻ്റ് സൊസൈറ്റി എന്ന സംഘടന 9 പ്രൊജക്ടുകളിലായി ഇതുവരെ 2 കോടി 63 ലക്ഷം രൂപയിലധികം പിരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിൽ സംശയം തോന്നിയ കേരളത്തിലെ സ്വതന്ത്ര കർഷക സംഘടന വിവരാവകാശ നിയമപ്രകാരം വനംവകുപ്പിനോട് വാങ്ങിനൽകിയ ഭൂമിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഒരു സെൻ്റ് ഭൂമി പോലും സംഗീത അയ്യരോ സംഘടനയോ വാങ്ങി കൊടുത്തിട്ടില്ല എന്നായിരുന്നു നിലമ്പൂർ സൗത്ത്‌ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള മറുപടി. നിലമ്പൂർ എംഎൽഎ പി വി അൻവർ ഇക്കാര്യം വനംമന്ത്രിയോട് നിയമസഭയിൽ ചോദിച്ചു. സംഗീത അയ്യരുടെ സംഘടന അങ്ങനെ ഒരു ഭൂമി വാങ്ങി തന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഗീത അയ്യർ പണം പിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ മറുപടി നൽകിയിരുന്നു.

കൈമാറിയത് വാങ്ങി നൽകിയ ഭൂമിയുടെ ആധാരമല്ലെന്നും ഭൂമി വാങ്ങി നൽകാൻ ഉദ്ദേശിക്കുന്നതിൻ്റെ പ്രൊപോസലാണ് എന്നുമായിരുന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദിൻ്റെ പ്രതികരണം. ഭൂമിയുടെ രേഖ വാർത്താ സമ്മേളനത്തിൽ ഏറ്റുവാങ്ങിയത് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദായിരുന്നു. ഈ വിവരം സംഗീത അയ്യർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചതുമാണ്. കൈമാറിയെന്ന് പറഞ്ഞ ഭൂമിയിൽ നിന്ന് കൊണ്ട് സംഗീത അയ്യർ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.

പണപ്പിരിവിനെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട സ്വതന്ത്ര കർഷക സംഘടനയായ കിഫ ഇഡിയ്ക്ക് ഇതിനകം പരാതി നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണവും കിഫ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com