ഒരുലക്ഷം പേർ അണിനിരക്കുന്ന കോൺഗ്രസിൻ്റെ മഹാജന സഭ ഇന്ന് തൃശ്ശൂരിൽ; മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ പ്രഥമ യോഗവും ഇന്ന് തൃശൂരിൽ ചേരും
ഒരുലക്ഷം പേർ അണിനിരക്കുന്ന കോൺഗ്രസിൻ്റെ മഹാജന സഭ ഇന്ന് തൃശ്ശൂരിൽ; മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കും

തൃശ്ശൂർ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരിൽ നടക്കും. ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തിയുള്ള മഹാജന സഭ സമ്മേളനം കോൺഗ്രസിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് ബൂത്ത് പ്രസിഡൻ്റുമാർ മുതൽ എഐസിസി അംഗങ്ങൾ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ പ്രഥമ യോഗവും ഇന്ന് തൃശൂരിൽ ചേരും. സംസ്ഥാനത്തെ സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക യോഗത്തിൽ തയാറാക്കിയേക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ രണ്ടുവട്ടം വന്നുപോയ പശ്ചാത്തലത്തിൽ ഇന്ന് തൃശ്ശൂരിൽ നടക്കുന്ന മഹാജന സഭ കോൺഗ്രസിൻ്റെ സംഘടനാ സ്വാധീനം വിളിച്ചുപറയുന്ന ചടങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുത്തത്. കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുന്നിൽ നിർത്തി ബിജെപി ശക്തമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ തന്നെ തൃശ്ശൂരിൽ എത്തിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മല്ലികാർജ്ജുൻ ഖാർഗെ തൃശ്ശൂരിലെത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ട് മുതൽ സംഘടനാ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിലൂടെ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ബൂത്ത് തലത്തിലുള്ള സംഘടനാ ശാക്തീകരണമാണ് നേതൃത്വത്തിൻ്റെ പ്രധാനലക്ഷ്യം. സംസ്ഥാനത്തെ മുഴുവൻ ബൂത്ത് ഭാരവാഹികളും മഹാജന സഭയിൽ പങ്കെടുക്കും. ബൂത്ത്‌ പ്രസിഡൻ്റ്, വനിതാ വൈസ് പ്രസിഡൻ്റ്, ബിഎല്‍എമാർ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തകരെല്ലാം തന്നെ ദേശീയ അദ്ധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയിൽ എത്തിച്ചേരുന്നത് സംഘടനയ്ക്ക് താഴെത്തട്ടിൽ നവോന്മേഷം പകരുമെന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com