'പേര് വലിച്ചിഴച്ചതിൽ വിഷമം, പാട്ടെഴുത്തുകാരനെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്‌ക്കൊപ്പം'; ഹരിനാരായണൻ

'താരകരൂപിണി പോലെ പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി'
'പേര് വലിച്ചിഴച്ചതിൽ വിഷമം, പാട്ടെഴുത്തുകാരനെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്‌ക്കൊപ്പം'; ഹരിനാരായണൻ

ശ്രീകുമാരൻ തമ്പി നേരിട്ട മാനസിക വിഷമത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുവെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. മാധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നത്. അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ആവശ്യപ്പെട്ടതു കൊണ്ടാണ് പാട്ടെഴുതിയത്. തൻ്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്‌ക്കൊപ്പമാണെന്നും ഹരിനാരായണൻ പറഞ്ഞു.

ബി കെ ഹരിനാരായണൻ്റെ വാക്കുകൾ

ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പി നേരിട്ട മാനസിക വിഷമത്തിൽ അദ്ദേഹത്തിനൊപ്പം നിക്കുന്നു. ഇന്നലെ മാധ്യമങ്ങളിലൂടെയാണ് ഞാൻ വിഷയം അറിയുന്നത്. അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ എന്നെ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടും അതെന്റെ തൊഴിലായതുകൊണ്ടുമാണ് പാട്ടെഴുതിയത്. മേൽകമ്മറ്റിയാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക എന്നും അറിയിച്ചു. ഒക്ടോബർ 25ഓടെയാണ് ഞാൻ പാട്ട് എഴുതി കൊടുക്കുന്നത്. സച്ചിദാനന്ദൻ ആദ്യവും പിന്നീട് മേൽകമ്മറ്റിയും പറഞ്ഞ തിരുത്തലുകൾ ഞാൻ വരുത്തിയിട്ടുണ്ട്. എഴുത്ത് ശരിയായിട്ടുണ്ട് ഇനി സംഗീതം നൽകുകയാണ് വേണ്ടതെന്നും പാട്ടാകുമ്പോൾ ഇത് എങ്ങനെ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കമ്മറ്റിയാണെന്നുമാണ് അവസാനം എനിക്ക് അറിയാൻ കഴിഞ്ഞത്.

താരകരൂപിണി പോലെ പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. വ്യക്തി എന്ന നിലയിലും കവി, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം എഴുതിയ ഏതൊരു വരിയേക്കാളും എത്രയോ താഴെയാണ് ഞാൻ എഴുതിയ വരികൾ. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പാട്ട് ഒരു പാഠപുസ്തകമാണ്. എന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്കൊപ്പമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com