തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് പരാതി നൽകി ബിന്ദു മിൽട്ടൻ

'മിഷൻ തണ്ണീർ കൊമ്പൻ ദൗത്യത്തില്‍ വനംവകുപ്പിനും പൊലീസിനും വീഴ്ച പറ്റി'
തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് പരാതി നൽകി ബിന്ദു  മിൽട്ടൻ

കൽപ്പറ്റ: തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകമായ ബിന്ദു മിൽട്ടനാണ് പരാതി നൽകിയത്. മിഷൻ തണ്ണീർ കൊമ്പൻ ദൗത്യത്തില്‍ വനംവകുപ്പിനും പൊലീസിനും വീഴ്ച പറ്റി. പ്രശ്നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള വനവകുപ്പിന്റെ ദൗത്യങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നു. ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നേരത്തെ തണ്ണീർ കൊമ്പൻ്റെ മരണകാരണം അന്വേഷിക്കാൻ വനം വകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ ഉള്ളതായും റിപ്പോർട്ടുണ്ടായിരുന്നു. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ വേണ്ടി ഉപയോഗിച്ചതാകാം എന്നണ് സംശയം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചില്ല. ട്രാക്ക് ചെയ്യാൻ ഇത് തടസ്സമായി. ആനയെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാനന്തവാടി നഗരത്തിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുകയായിരുന്നു. പിന്നാലെ ബന്ദിപ്പൂരിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞിരുന്നു.

ഇതിനിടെ തണ്ണീർ കൊമ്പൻ്റെ മരണകാരണം സംബന്ധിച്ച് കർണ്ണാടക-കേരള ഫോറസ്റ്റ് വിഭാഗങ്ങൾ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ആനയുടെ പിൻഭാഗത്തെ മുഴയിൽ നിന്നുണ്ടായ അണുബാധ ആന്തരിക അവയവങ്ങളെയും ശ്വാസകോശത്തെയും ബാധിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് കേരള വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ മയക്കു വെടി വെച്ചതിനുശേഷം പടക്കം പൊട്ടിച്ചതും ആളുകൾ ശബ്ദം ഉണ്ടാക്കിയതുമെല്ലാം ആനയെ പരിഭ്രാന്തനാക്കി ഇതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം ആന ചരിഞ്ഞെന്നാണ് കർണാടക വനം വകുപ്പിന്റെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com