കാലിക്കറ്റ് സർവകലാശാല മലയാളം പ്രൊഫസർ ഇൻ്റർവ്യു: റാങ്ക് ലിസ്റ്റ് പുറത്ത് വിടാൻ ഹൈക്കോടതി ഉത്തരവ്

എന്നാൽ സിൻഡിക്കേറ്റിലെ ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് റാങ്ക് ലിസ്റ്റ് പുറത്ത് വിടാതെ പൂഴ്ത്തുകയായിരുന്നു
കാലിക്കറ്റ് സർവകലാശാല മലയാളം പ്രൊഫസർ ഇൻ്റർവ്യു: റാങ്ക് ലിസ്റ്റ് പുറത്ത് വിടാൻ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല മലയാളം പ്രൊഫസർ ഇൻ്റർവ്യു റാങ്ക് ലിസ്റ്റ് പുറത്ത് വിടാൻ ഹൈക്കോടതി ഉത്തരവ്. 2021 ജനുവരിയിൽ നടന്ന ഇൻ്റർവ്യൂവിൻ്റെ റാങ്ക് ലിസ്റ്റ് പുറത്ത് വിടാനാണ് മൂന്ന് വർഷത്തിന് ശേഷം ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിൽ പ്രിയാ വർഗീസിൻ്റെ നിയമനത്തിന് എതിരെ കേസ് ഫയൽ ചെയ്ത ഡോ. ജോസഫ് സ്കറിയയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.

മലയാളം പ്രൊഫസർ റാങ്ക് ലിസ്റ്റിൽ ജോസഫ് സ്കറിയക്ക് ഒന്നാം റാങ്കാണെന്ന് നേരത്തെ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ അറിയിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റിലെ ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് റാങ്ക് ലിസ്റ്റ് പുറത്ത് വിടാതെ പൂഴ്ത്തുകയായിരുന്നു. ഇതിനെ തുടർന്ന് ജോസഫ് സ്കറിയയ്ക്ക് നിയമനം ലഭിച്ചതുമില്ല. അഭിമുഖത്തിന് മുൻപ് തന്നെ റൊട്ടേഷൻ ചാർട്ട് പുറത്ത് വിടണമെന്നാണ് സർവ്വകാലാശാല നിയമം. എന്നാൽ റൊട്ടേഷൻ ചാർട്ട് സർവ്വകലശാല ഇത് വരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മലയാളം വിഭാഗം പ്രൊഫസർ നിയമനം പൂർത്തിയായാൽ മാത്രമേ റൊട്ടേഷൻ ചാർട്ട് പുറത്ത് വിടാനാകൂ എന്നാണ് വൈസ് ചാൻസലർ പറഞ്ഞിരുന്നത്. ചാർട്ട് പുറത്ത് വിട്ടാൽ സംവരണ റൊട്ടേഷനിലെ അട്ടിമറി പുറത്ത് വരുമെന്ന് ഭയന്നാണ് ഇതെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ ആരോപണം.

ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് പുറത്ത് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സർവ്വകലാശാലക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റ് ഡിപ്പാർട്ട്മെൻ്റുകളിൽ 2021 ൽ തന്നെ പൂർത്തിയായിട്ടും പൂർത്തിയാകാത്ത മലയാള വിഭാഗത്തിലെ പ്രൊഫസർ നിയമനം കോടതി വിധിയോടെ ഉടനുണ്ടാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com