മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്

എട്ടുമണിക്കൂറിലേറെയായി മാനന്തവാടി നഗരത്തിലെ ജനവാസ മേഖലയിൽ തുടരുകയാണ് കാട്ടാന
മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറങ്ങി. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാടുകയറ്റണം. ദൗത്യം വിജയിച്ചില്ലെങ്കിൽ ആനയെ മയക്കുവെടിവെക്കാമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. കഴിഞ്ഞ എട്ടുമണിക്കൂറിലേറെയായി മാനന്തവാടി നഗരത്തിലെ ജനവാസ മേഖലയിൽ തുടരുകയാണ് കാട്ടാന. കാട്ടാനയെ തുരത്തുന്നതിനായി രണ്ട് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് നേരത്തെ മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാകും നടപടി സ്വീകരിക്കുക. ജില്ലാ കലക്ടറുടെ ഏകോപനത്തിൽ ഉദ്യേ​ഗസ്ഥർ ജാ​​ഗ്രതയോടെ പ്രവർത്തനം നടത്തുന്നു, സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാർത്ഥികൾ വീടുകളിൽ തുടരണമെന്നും മന്ത്രി. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കർണാടകയിൽ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി പട്ടണത്തിലേയ്ക്ക് നീങ്ങുകയും മാനന്തവാടി നഗരത്തിന് മധ്യത്തിലുള്ള ചതുപ്പിൽ നിലയുറപ്പിക്കുകയുമായിരുന്നു. നേരത്തെ കാട്ടാന ഭീതിയെ തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചിരുന്നു. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com