ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായെങ്കിലും രണ്ടാം പ്രതി ലെനിൻ രാജ് എവിടെ എന്ന ചോദ്യത്തിന് പൊലീസിന് ഇനിയും ഉത്തരമില്ല
ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് അന്വേഷണം നാലുമാസം പിന്നിടുമ്പോഴും പ്രധാന പ്രതിയായ ലെനിൻ രാജിനെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. കേസിൽ ഗൂഢാലോചന നടന്നെന്ന് ആവർത്തിക്കുമ്പോഴും നേതൃത്വം നൽകിയ ലെനിൻ രാജ് എവിടെ എന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആരോഗ്യ വകുപ്പിനെ ചൂണ്ടികാട്ടി നടന്ന നിയമന തട്ടിപ്പിലെ പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രഖ്യാപനം. പക്ഷേ മാസം നാല് പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോ​ഗതിയില്ലാത്തത് അന്വേഷണ സംഘത്തി​ന്റെ കെടുകാര്യസ്ഥതയാണ്.

ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായെങ്കിലും രണ്ടാം പ്രതി ലെനിൻ രാജ് എവിടെ എന്ന ചോദ്യത്തിന് പൊലീസിന് ഇനിയും ഉത്തരമില്ല. ലെനിൻ രാജിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമെന്നായിരുന്നു പൊലീസിന്റെ ആദ്യ മറുപടി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെ എന്ന വിചിത്ര മറുപടിയും പൊലീസ് നൽകി. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും ലെനിൻ രാജിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ല

ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ ഗൂഢാലോചന തെളിയണമെങ്കിൽ കേസിലെ രണ്ടാം പ്രതിയും മുഖ്യ സൂത്രധാരനുമായ ലെനിൻ രാജ് പിടിയിലാകണം. എന്നാൽ ആരോഗ്യ വകുപ്പിനെ തന്നെ പ്രതികൂട്ടിലാക്കിയ ലെനിൻ രാജിനെ പിടിക്കൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ലെനിൻ രാജിന് സംരക്ഷണം ഒരുക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇപ്പോൾ അതും നിലച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com