'അഴിമതി കുറക്കാൻ വിവരാവകാശനിയമം സഹായിച്ചു'; പിണറായി വിജയൻ

'കൈകൂലി വാങ്ങില്ല എന്ന് ഉദ്യോഗസ്ഥരും കൊടുക്കില്ലെന്ന് ജനങ്ങളും ഉറപ്പിക്കണം'
'അഴിമതി കുറക്കാൻ വിവരാവകാശനിയമം സഹായിച്ചു'; പിണറായി വിജയൻ

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 164 ആം സ്ഥാനത്താണ് ഇന്ത്യയെന്നും അതിൽനിന്നും വേറിട്ട് നിൽക്കാൻ കേരളത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറും വിവരവകാശ കമ്മീഷനും സംഘടിപ്പിച്ച വിവരവകാശ നിയമത്തെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്താണ് വിവരാവകാശ നിയമം നിലവിൽ വന്നത്. ഇടതുപക്ഷ പാർട്ടികൾ പിന്തുണച്ച സർക്കാർ എന്നതായിരുന്നു ആ സർക്കാരിൻ്റെ പ്രത്യേകത. 30 ദിവസമാണ് വിവരാവകാശത്തിന്റെ സമയം. മുപ്പതാം ദിവസമേ വിവരങ്ങൾ നൽകൂ എന്ന് ചിലർ വാശിപിടിക്കുന്നു. അത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വൈകി എത്തുന്ന നീതി അനീതിയാണ്. വിവരങ്ങൾ നിശ്ചിത സമയത്ത് ലഭിച്ചില്ലെങ്കിൽ അത് അപേക്ഷകന് ഗുണമില്ല. അപേക്ഷ നൽകുന്നവർ ഒന്നുകിൽ അവർക്കും അല്ലെങ്കിൽ സമൂഹത്തിന് പൊതുവിലും ഗുണമുണ്ടാകുന്ന അപേക്ഷകൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി കുറക്കാൻ വിവരാവകാശനിയമം സഹായിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ടു - ജി സ്പെക്ട്രം അഴിമതിക്കേസിനെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. വിവരാവകാശ പ്രകാരം ചോദിച്ച വിവരങ്ങൾ തന്നെ നൽകണം. അഞ്ചും ആറും വർഷമായി ചില വിവരാവകാശ ഫയലുകളും അപേക്ഷകളും കെട്ടിക്കിടക്കുന്നു. ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവരാവകാശ നിയമ ഭേദഗതി കമ്മിഷൻ്റെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയത് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ഭരണഘടനയുടെ ആമുഖത്തിൽ അടി വരയിട്ട് പറയുന്ന കാര്യങ്ങൾ ആണ് നീതി, സാഹോദര്യം തുടങ്ങിയവ. ഭരണഘടനയുടെ അർത്ഥ വ്യാപ്തി മനസ്സിലാക്കി പ്രവർത്തിക്കാൻ ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും കഴിയണം. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. കേരളം ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. അതു പോര, അഴിമതി ഒട്ടും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ഉദ്യോഗസ്ഥരും ജനങ്ങളും തീരുമാനിക്കണം. കൈകൂലി വാങ്ങില്ല എന്ന് ഉദ്യോഗസ്ഥരും കൊടുക്കില്ലെന്ന് ജനങ്ങളും ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com