നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് ചോർന്നതിൽ റിപ്പോർട്ട് ലഭിച്ചില്ല; അതിജീവിത സുപ്രീംകോടതിയിലേക്ക്

അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതക്ക് ലഭിച്ചില്ല
നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് ചോർന്നതിൽ റിപ്പോർട്ട് ലഭിച്ചില്ല; അതിജീവിത സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്. കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെന്ന് അതിജീവിത പരാതിയിൽ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതക്ക് ലഭിച്ചില്ല. പകർപ്പ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയെന്ന ആരോപണത്തിൽ അതിജീവിത നേരത്തെ കോടതിയിൽ കത്ത് നൽകിയിരുന്നു. വിചാരണ കോടതിക്കാണ് കത്ത് നൽകിയിരുന്നത്. മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് അതിജീവിത കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേസ് നീതിപൂർവ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു.

മുമ്പ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം.

തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടതിനെത്തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. ഈ മാസം ഏഴിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com