'മസാലബോണ്ടിൽ അടിമുടി ദുരൂഹത'; രമേശ് ചെന്നിത്തല

മസാലബോണ്ടിൽ തോമസ് ഐസക്കിൻ്റെ ഇടപെടൽ നിർണ്ണായകമാണ്. ഇതിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം
'മസാലബോണ്ടിൽ അടിമുടി ദുരൂഹത'; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മസാലബോണ്ട്‌ ഇറക്കുന്ന സമയത്ത് പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യവും ശരിയാണെന്ന് തെളിഞ്ഞുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലബോണ്ടിൽ തോമസ് ഐസക്കിൻ്റെ ഇടപെടൽ നിർണ്ണായകമാണ്. ഇതിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മസാലബോണ്ടിൽ അടിമുടി ദുരൂഹതയാണുള്ളതെന്ന് ആരോപിച്ച രമേശ് ചെന്നിത്തല ഇടപാടിലെ ലാവ്ലിൻ കമ്പനിയുടെ പങ്കാളിത്തവും ചൂണ്ടിക്കാണിച്ചു. സിഡിപിക്യൂ എന്ന കനേഡിയൻ കമ്പനിയാണ് മസാലബോണ്ട്‌ വാങ്ങിയത്. ലാവ്ലിൻ കമ്പനിയുടെ 20% ഓഹരിയും സിഡിപിക്യൂവിനാണ്. ലാവ്ലിൻ കമ്പനിയെ നിയന്ത്രിക്കാൻ ശക്തിയുള്ള കമ്പനിയാണ് മസാല ബോണ്ട്‌ വാങ്ങിയത്. മുഖ്യമന്ത്രിയും ലാവ്ലിൻ കമ്പനിയും തമ്മിലുള്ള ബന്ധം എല്ലാർക്കും അറിയാവുന്നതാണെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് മസാലബോണ്ട്‌ വാങ്ങാൻ മുഖ്യമന്ത്രി അനുമതി നൽകിയത് എന്തിനാണെന്നും ചോദിച്ചു.

മസാലബോണ്ട് ഇറക്കുന്നത് കൊള്ളയാണെന്ന് അന്ന് പറഞ്ഞിരുവെന്നും ഇന്ന് പുറത്ത് വന്ന കാര്യങ്ങൾ എല്ലാം അന്ന് അക്കമിട്ട് താൻ പറഞ്ഞ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 9.72% എന്നത് കൊള്ള പലിശയാണ്. വിനാശകരമായ കടക്കെണിയിൽ എത്തിച്ചതിൻ്റെ ഉദാഹരണമാണിത്. തോമസ് ഐസക്കിന് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാമ്പത്തികമായി തകർക്കും എന്ന് ബോധ്യം ഉണ്ടായിട്ടും എന്തിനാണ് ധനകാര്യ മന്ത്രി ഇങ്ങനെ ചെയ്തതെന്നും തോമസ് ഐസക്ക് എന്തിന് വാശിപിടിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

2019 മെയ് 17 നാണ് ബോണ്ട്‌ വാങ്ങിയത്. എന്നാൽ മാർച്ച് 26-29 ന് ഇടക്ക് മസാല ബോണ്ടുകളുടെ ഇടപാട് സിഡിപിക്യൂവുമായി നടത്തി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രി മണി അടിച്ചത് വെറുതെ. കനേഡിയൻ കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഇഷ്ടമെന്നും സിഡിപിക്യൂവിൻ്റെ ഉടമകൾ തിരുവനന്തപുരത്ത് വന്നിരുന്നില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അവർ വന്ന കാര്യവും എവിടെ താമസിച്ചു എന്നതുമടക്കം തോമസ് ഐസക്ക് വെളിപ്പെടുത്തട്ടെയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇതിനോടകം എത്ര പണം സിഡിപിക്യൂവിന് തിരിച്ചടച്ചു എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർക്കൊക്കെയാണ് കമ്മീഷൻ ലഭിച്ചത്. എത്രയായിരുന്നു കമ്മീഷൻ സിഡിപിക്യൂവിന് എത്ര ലാഭം ലഭിച്ചു തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉയർത്തി. ഇവയെല്ലാം ഇനി പുറത്ത് വരുമെന്ന് ചൂണ്ടിക്കാണിച്ച രമേശ് ചെന്നിത്തല ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ അന്വേഷണത്തിന് സഹകരിച്ച് കൂടെയെന്നും എന്തിനാണ് ഒളിച്ച് ഓടുന്നതെന്നും ചോദിച്ചു. ചെയ്യാൻ പാടില്ലാത്ത സാമ്പത്തിക കുറ്റമാണ് നടന്നിരിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജന്തർ മന്ദിറിൽ ആരാണ് യോഗം നടത്തുന്നതെന്നും അവിടെ സമരമാണ് നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കേന്ദ്രവുമായി ധാരണയെ തുടർന്നാണ് സമരം നടത്താതെ യോഗം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗം സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നും ഗവർണറുടേത് നിയമസഭയോടുള്ള അവഹേളനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന് ഇതിൽ ഒരു പരാതിയും ഇല്ല. സർക്കാരിന്റെ കാര്യം ഗവർണർ ചെയ്തു കൊടുക്കുകയും വിമർശിക്കുകയും ചെയ്യുന്നുവെന്നും മുൻ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കെ എം മാണിയുടെ പുസ്തകത്തിലെ പരാമർശത്തിലെ വ്യക്തത താൻ ഒരു പുസ്തകം എഴുതുമ്പോൾ വ്യക്തമാക്കാമെന്നും യാഥാർഥ്യം പുസ്തക രൂപത്തിൽ തന്നെ പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ ഇപ്പോൾ എല്ലാം പറഞ്ഞാൽ പുസ്തകം ആര് വായിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

രാമനെ എല്ലാവരും ആദരിക്കുന്നു പൂജിക്കുന്നു. എന്നാൽ പ്രാണപ്രതിഷ്ഠ ചെയ്യേണ്ടത് പ്രധാനമന്ത്രി ആണോ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്രത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പണി പൂർത്തിയാക്കാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്തു. മതേതര രാജ്യത്ത് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഒരു ക്ഷേത്രത്തിൽ പോകുന്നതിനും കോൺഗ്രസ് എതിരല്ലായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com