ന്യൂനപക്ഷ സ്കോളർഷിപ്പിലെ അപാകത; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തിവെച്ചിരുന്നു
ന്യൂനപക്ഷ സ്കോളർഷിപ്പിലെ അപാകത; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിക്കും കത്തയച്ചു. ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തിവെച്ചിരുന്നു. നിലവിൽ നൽകി കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് തുടർന്നും ലഭിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും അതും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

സ്കോളർഷിപ്പ് പ്രതീക്ഷിച്ച് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികളെ ഇത് ഏറെ ബാധിക്കുന്നുണ്ട്. സ്‌കോളർഷിപ്പ് വിതരണത്തിന് ന്യൂനപക്ഷ മന്ത്രാലയം ചുമതലപ്പെടുത്തിയ നോഡൽ സംവിധാനമായ ദേശീയ ന്യൂനപക്ഷ സാമ്പത്തിക വികസന കോർപറേഷൻ തന്നെ പറയുന്നത് മന്ത്രാലയത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്നാണ്. ജെ ആർ എഫ്, നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഒ ബി സി-എസ് സി-എസ് ടി തുടങ്ങിയ മറ്റു സ്കോളർഷിപ്പുകളുടെ തുക ഉയർത്തിയപ്പോഴും ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ തുക വർധിപ്പിക്കുകയോ കുടിശ്ശിക നൽകുകയോ ചെയ്യാത്തത് വിവേചനവും പ്രതിഷേധാർഹവുമാണെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിലവിൽ നൽകി കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് മുടങ്ങാതെ നൽകണമെന്നും തുകയിൽ വർധനവ് ഉണ്ടാക്കണമെന്നും മൗലാനാ ആസാദ് നാഷണൽ സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ, മുസ്‌ലിം, സിക്ക്, പാഴ്സി തുടങ്ങിയ സമുദായങ്ങളിലെ വലിയൊരു വിഭാഗം വിദ്യാർഥികളാണ് സ്‌കോളർഷിപ്പ് അപാകതകൾ മൂലം ദുരിതം അനുഭവിക്കുന്നത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നും കത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com