'കേന്ദ്ര അവഗണനയ്ക്കെതിരെ' മനുഷ്യച്ചങ്ങല തീർത്ത് ഡ‍ിവൈഎഫ്ഐ, അണിനിരന്നത് ലക്ഷങ്ങൾ

സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പേരാണ് ചങ്ങലയുടെ ഭാഗമായത്
'കേന്ദ്ര അവഗണനയ്ക്കെതിരെ' മനുഷ്യച്ചങ്ങല തീർത്ത് ഡ‍ിവൈഎഫ്ഐ, അണിനിരന്നത് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവ​ഗണനയ്ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻ വരെ തീ‍ർത്ത മനുഷ്യച്ചങ്ങലയിൽ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർകോട് നിന്ന് ആദ്യ കണ്ണിയായി. കണ്ണൂർ ജില്ലയിലെ അവസാന കണ്ണികളായി എം മുകുന്ദനും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സലും ചങ്ങലയുടെ ഭാ​ഗമായി. കോഴിക്കോട് ജില്ലയിലെ ആദ്യ കണ്ണികളായി യുവ എഴുത്തുക്കാരൻ വിമീഷ് മണിയൂരും ഡിവൈഎഫ്ഐ നേതാവ് ടി പി ബിനീഷും അണിനിരന്നു. മൂപ്പതോളം വർഷങ്ങൾക്ക് ശേഷമാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീ‍ർക്കുന്നത്.

651 കിലോമീറ്റർ ദൂരത്തിലാണ്‌ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീ‍ർത്തത്. വൈകിട്ട്‌ മൂന്ന് മണിയോടെ ജനങ്ങൾ നിരത്തുകളിൽ നിരന്നു. നാലരയോടെ ട്രയലായി മനുഷ്യച്ചങ്ങല തീർത്തു. അഞ്ച് മണിക്ക് മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ ചൊല്ലി. പിന്നാലെ പ്രധാനകേന്ദ്രങ്ങളിൽ പൊതു സമ്മേളനങ്ങളും നടന്നു. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പേരാണ് ചങ്ങലയുടെ ഭാഗമായത്.

മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ കുടുംബവും എത്തി. രാജ്ഭവന് മുന്നിലാണ് ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ എന്നിവർ ചങ്ങലയുടെ കണ്ണികളായത്. പ്രൊഫ. എം കെ സാനു, കവി സച്ചിദാനന്ദൻ, സംവിധായകൻ ആഷിക് അബു തുടങ്ങി സാംസ്കാരിക രം​ഗത്തെ പ്രമുഖർ ചങ്ങലയുടെ ഭാ​ഗമായി. കോഴിക്കോട്ടെ ചങ്ങലയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികളും അണിനിരന്നു. സിപിഐഎം നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയിൽ പങ്കാളിയായി.

രാജ്ഭവന് മുന്നിൽ ജോസ് കെ മാണി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എന്നിവ‍ർ പങ്കാളികളായി. കേരളത്തോടുള്ള അവഗണ എന്നാൽ കേരളത്തിലെ ജനങ്ങളോടുള്ള അവഗണനയെന്ന് സമരത്തിൽ പങ്കെടുത്ത് എം വി ​ഗോവിന്ദൻ പ്രതികരിച്ചു. മനുഷ്യച്ചങ്ങലയിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഭാ​ഗമായി. പട്ടാമ്പിയിലാണ് മു​ഹ്സനിൻ ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ കൈകോർത്ത് പിടിച്ചത്. ഇടതുപക്ഷ എംഎൽഎ എന്ന നിലയിലാണ് പരിപാടിയുടെ ഭാഗമായതെന്ന് മുഹ്സിൻ വ്യക്തമാക്കി. സിപിഐയുമായുള്ള ഭിന്നതകൾക്കിടെയാണ് മുഹ്സിൻ ഡിവൈഎഫ്ഐയുടെ പരിപാടിക്കെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com