അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസിനെതിരെ വിമർശനവുമായി വിഎച്ച്പി നേതാക്കൾ

'അയോധ്യ പ്രതിഷ്ഠാ ചടങ്ങിൻ്റെ വിഷയത്തിൽ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ്'
അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസിനെതിരെ വിമർശനവുമായി വിഎച്ച്പി നേതാക്കൾ

ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങ് സംഘപരിവാര്‍ പരിപാടിയാണെന്ന ആരോപണം തള്ളി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. വിഎച്ച്പി പരിപാടിയാണെങ്കില്‍ എന്തിന് മറ്റുള്ളവരെ ക്ഷണിക്കണമെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡൻ്റ് അലോക് കുമാര്‍ ചോദിച്ചു. നേതാക്കൾ ക്ഷണം നിരസിച്ചെങ്കിലും അണികൾ ക്ഷേത്ര ദർശനത്തിന് എത്തുകയാണ്. സോണിയ ഗാന്ധി ഗ്രൂപ്പിൻ്റെയും പാർട്ടി പ്രവർത്തകരുടെയും ഇടയിൽ അകലമുണ്ടെന്നും അലോക് കുമാർ വിമർശിച്ചു.

കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പെന്ന ആരോപണവുമായി വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്നും രംഗത്തെത്തി. ഒരു ഗ്രൂപ്പ് ശ്രീരാമനെ തള്ളിക്കളഞ്ഞുള്ള രാഷ്ട്രീയമില്ലെന്ന് അറിയാവുന്നവരാണ്, രണ്ടാമത്തെ ഗ്രൂപ്പിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണെന്നും സുരേന്ദ്ര ജെയ്ന്‍ ആരോപിച്ചു. കോൺഗ്രസ് നേതാക്കള്‍ ക്ഷണം നിരസിച്ചെങ്കിലും അണികള്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുകയാണെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ ചൂണ്ടിക്കാണിച്ചു. ഭഗവാനെ എതിർത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താന്‍ കഴിയില്ലെന്നും സുരേന്ദ്ര ജെയ്ൻ വ്യക്തമാക്കി.

'കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ട് ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഒരു കൂട്ടര്‍ ശ്രീരാമനെ എതിര്‍ത്ത് രാഷ്ട്രീയം ചെയ്യാന്‍ കഴിയില്ലെന്ന് അറിയുന്നവരാണ്, രണ്ടാമത്തെ കൂട്ടര്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിടുന്നവരാണ് ... അതിനാല്‍, അവര്‍ ഒരു ഗ്രൂപ്പിലാണ്. രാമനെ എതിര്‍ത്തുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയം ചെയ്യാന്‍ കഴിയില്ല, എന്നായിരുന്നു ജെയിൻ്റെ പ്രതികരണം.

ജനുവരി 12-ലെ രാമക്ഷേത്ര പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിൽ ആശയക്കുഴപ്പമുണ്ട്. സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ 'പ്രാണപ്രതിഷ്ഠ' ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. സമദ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. എന്നാൽ പിന്നീട് കുടുംബ സമേതം ക്ഷേത്രദർശനം നടത്തുമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ജനുവരി 22ന് അയോധ്യയിൽ രാംലാല്ലയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് അയോധ്യ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച അയോധ്യയിലെ ക്രമീകരണങ്ങള്‍ പരിശോധിച്ചു, ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇതിനിടെ രാം ലല്ലയുടെ വിഗ്രഹം വ്യാഴാഴ്ച രാമക്ഷേത്രത്തിലെ 'ഗര്‍ഭ ഗൃഹ'ത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. അയോധ്യയിലെ ക്ഷേത്രത്തിലെ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നടക്കും. ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പുരോഹിതരുടെ സംഘം പ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com