'എം ടി രാജ്യത്തിന്റെ ഔന്നിത്യം, സർക്കാരിന് സ്തുതിഗീതം പാടുന്നവർ ആ വാക്കുകൾ കേൾക്കണം'; വി ഡി സതീശൻ

'പ്രതികരിക്കാൻ മറന്ന സാംസ്കാരിക പ്രവർത്തകർക്കുള്ള വഴി വിളക്കാണ് അദ്ദേഹം കത്തിച്ച് വെച്ചത്'
'എം ടി രാജ്യത്തിന്റെ ഔന്നിത്യം, സർക്കാരിന് സ്തുതിഗീതം പാടുന്നവർ ആ വാക്കുകൾ കേൾക്കണം'; വി ഡി സതീശൻ

തിരുവനന്തപുരം: എം ടി വാസുദേവൻ നായർ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് മൂർച്ച ഏറിയ വാക്കുകൾ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം ടി രാജ്യത്തിന്റെ ഔന്നിത്യമാണ്. എംടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു കാരണവശാലും ബധിര കർണത്തിൽ പതിക്കരുത്. കാലം ആവശ്യപ്പെടുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. സർക്കാരിന് സ്തുതിഗീതം പാടുന്നവർ അത് കേൾക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

മാർക്സിനേയും ഇഎംഎസിനേയും പരാമർശിച്ചതോടെ എന്താണ് ഉദ്യേശിച്ചതെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിഷേധിക്കാൻ ഉള്ള അവകാശം അടിച്ചമർത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുമ്പോൾ എം ടി യെ പോലെ ഒരാൾ പ്രതികരിച്ചതിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനെ വഴി തിരിച്ച് വിടാൻ അല്ല നോക്കേണ്ടത്. വഴി തിരിച്ച് വിട്ടാൽ രാജ്യം അപകടത്തിലേക്ക് പോകും. സമകാലിക രാഷ്ട്രീയ സാഹചര്യം ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത് എന്ന് വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.

'എം ടി രാജ്യത്തിന്റെ ഔന്നിത്യം, സർക്കാരിന് സ്തുതിഗീതം പാടുന്നവർ ആ വാക്കുകൾ കേൾക്കണം'; വി ഡി സതീശൻ
പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ രൂക്ഷ വിമർശനവുമായി എം ടി വാസുദേവൻ നായർ

പ്രതികരിക്കാൻ മറന്ന സാംസ്കാരിക പ്രവർത്തകർക്കുള്ള വഴി വിളക്കാണ് അദ്ദേഹം കത്തിച്ച് വെച്ചത് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എം ടി പറഞ്ഞത് കേന്ദ്ര സർക്കാരിന് എതിരെയാണെന്ന ഇ പി ജയരാജന്റെ അഭിപ്രായത്തിനെതിരെയും പ്രതിപക്ഷ നേതാവ് സംസാരിച്ചു. ഇ പി ജയരാജന് അതേ മനസ്സിലായുള്ളൂ നാട്ടുകാർക്ക് എല്ലാം മനസ്സിലായി. ഇപി യെ പറഞ്ഞ് മനസ്സിലാക്കാൻ വലിയ പാടാണെന്നും വി ഡി സതീശൻ പരിഹസിച്ചു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ട എന്ന കോൺ​ഗ്രസ് തീരുമാനം ഇടതുപക്ഷത്തിന്റെ സ്വാധീനം മൂലമാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പ്രസ്താവനയെ വി ഡി സതീശൻ വിമർശിക്കുകയും ചെയ്തു. എം വി ഗോവിന്ദന്റെ വാക്ക് ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്. വിവരക്കേട് സ്ഥിരമായി വിളിച്ച് പറയുന്നത് അദ്ദേഹം ശീലമാക്കിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉദ്ഘാടന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ എതിരെയുളള എം ടി വാസുദേവൻ നായരുടെ പ്രസം​ഗം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും കെൽഎഫ് ഉദ്ഘാടന വേദിയിൽ എം ടി ചൂണ്ടിക്കാണിച്ചു. എം ടിയെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളും നിരവധി സാമൂഹിക സാംസ്കാരികരം​ഗത്തുളളവർ എത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com