'മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ല';എം ടിയുടെ പ്രസ്താവനയിൽ സച്ചിദാനന്ദൻ

'ഒരു പ്രാധനമന്ത്രി രാജ്യത്തിനെ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്ര വാദത്തിലേക്കും ഫാസിസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നതും കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷെ ചെയ്തിരിക്കാവുന്ന തെറ്റുകളും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ശരിയല്ല'
'മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ല';എം ടിയുടെ പ്രസ്താവനയിൽ സച്ചിദാനന്ദൻ

കോഴിക്കോട്: നരേന്ദ്ര മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ലെന്ന് കവി സച്ചിദാനന്ദൻ. മുഖസ്തുതി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും എം ടി പറഞ്ഞത് അതിലേക്കുള്ള സൂചനയുമാവാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. പറയപ്പെടുന്ന ചില മൂല്യച്യുതികൾ ഉണ്ടായേക്കാം പക്ഷെ അത് താരതമ്യപ്പെടുത്താനാകില്ല. എം ടി നടത്തിയത് ഒരു പൊതു പ്രസ്താവനയാണ്. അതിന് പല സൂചനകളുണ്ട്. വിവക്ഷകൾ കേൾക്കുന്നയാളുടേതാണെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു.

വ്യക്തി പൂജ കമ്മ്യൂണിസത്തിന്റെ സ്പിരിറ്റിന് എതിരാണ് എന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓ‍ർമ്മിപ്പിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സന്ദർഭത്തിൽ പ്രസക്തമാണെന്ന് ചിലർക്ക് തോന്നുന്നുണ്ടാകാം, അല്ലെങ്കിൽ ഇന്ത്യയുടെ പൊതു സന്ദർഭത്തിൽ വളരെ പ്രധാനമാണെന്ന് തോന്നുന്നുണ്ടാകാം. ഒരു പ്രാധനമന്ത്രി രാജ്യത്തിനെ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്ര വാദത്തിലേക്കും ഫാസിസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നതും കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷെ ചെയ്തിരിക്കാവുന്ന തെറ്റുകളും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. അത് ആനുപാതികമല്ല എന്നാണ് തോന്നുന്നത്, അദ്ദേഹം വിശദമാക്കി.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കുന്ന കാര്യവും ഒരു സംസ്ഥാനത്ത് നടന്നിട്ടുണ്ടാകാവുന്ന അമിതാധികാരപ്രയോ​ഗവും രണ്ടും വ്യത്യസ്തമായ മാനങ്ങളുള്ള രണ്ട് കാര്യങ്ങളാണ്. നമുക്ക് മുഖ്യമന്ത്രിയെ വിമർശിക്കാം, അതേസമയം ഒരു രാജ്യം മുഴുവൻ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാതെ നമുക്ക് സംസ്ഥാനത്തിന്റെ മാത്രമായ പ്രശ്നങ്ങളിലേക്ക് ഒതുങ്ങാൻ കഴിയില്ല. തെറ്റു കണ്ടാൽ അതിനെ വിമർശിക്കുക എന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക വ്യവസ്ഥകളിലൊന്നാണ്. ഒരു പ്രതിപക്ഷമുണ്ടാകുന്നത് അതുകൊണ്ടാണ്. അധികാരികൾ ആ വിമർശനങ്ങളെ ശ്രദ്ധിക്കുകയും വേണം പ്രതികരിക്കുകയും വേണം. അതിൽ സംശയമില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com