എം ടി പറഞ്ഞതിൽ പുതുമയില്ലെന്ന് സിപിഐഎം വിലയിരുത്തല്‍; വിവാദത്തിൽ കക്ഷിചേരേണ്ടെന്ന് നിലപാട്

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു
എം ടി പറഞ്ഞതിൽ പുതുമയില്ലെന്ന് സിപിഐഎം വിലയിരുത്തല്‍; വിവാദത്തിൽ കക്ഷിചേരേണ്ടെന്ന് നിലപാട്

എം ടി വാസുദേവൻ നായർ പറഞ്ഞതിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഉള്ളടക്കത്തിലുള്ളത് ചെറിയ വ്യത്യാസം മാത്രമെന്നും സിപിഐഎം വിലയിരുത്തൽ. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.

എം ടി യുടെ വിമർശനം പിണറായി വിജയനെതിരെയാണെന്ന നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ പ്രതികരണങ്ങൾ ഉണ്ടായത്. അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന വ്യാഖ്യാനവുമായി ഇ പി ജയരാജൻ രംഗത്തെത്തിയതോടെ വിഷയം ചൂട് പിടിച്ചു. ഇന്ത്യൻ ഗവൺമെൻ്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗം. ഇടത് വിരുദ്ധതയുള്ളവർ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ജയരാജൻ്റെ വ്യാഖ്യാനം.

മുഖ്യമന്ത്രിക്കെതിരായ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ ഇ സുധീർ രംഗത്തെത്തിയിരുന്നു. പരാമർശത്തിലൂടെ തൻ്റെ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയായിരുന്നു എം ടി ചെയ്തതെന്നും കാലം എം ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും സുധീർ പറഞ്ഞു. തന്റെ ലക്ഷ്യം വിമർശിക്കലായിരുന്നില്ല, യാഥാർഥ്യം പറയണമെന്ന് തോന്നി. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്ന് എം ടി വ്യക്തമാക്കിയതായും എൻ ഇ സുധീർ വിശദമാക്കിയിരുന്നു.

എം ടിയുടെ വിമർശനത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. എം ടി അധികാരികളെ ധീരമായി വിമർശിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരമെന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. മുഖസ്തുതി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും എം ടി പറഞ്ഞത് അതിലേക്കുള്ള സൂചനയുമാവാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. നരേന്ദ്ര മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ല. പറയപ്പെടുന്ന ചില മൂല്യച്യുതികൾ ഉണ്ടായേക്കാം പക്ഷെ അത് താരതമ്യപ്പെടുത്താനാകില്ല. എം ടി നടത്തിയത് ഒരു പൊതു പ്രസ്താവനയാണ്. അതിന് പല സൂചനകളുണ്ട്. വിവക്ഷകൾ കേൾക്കുന്നയാളുടേതാണെന്നും സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com